HomeGULFകടുത്ത ചൂടിലും തളരാതെ കുവൈത്ത്; 50 ഡിഗ്രി താപനിലയിലെ ആദ്യ പരീക്ഷണം രാജ്യം വിജയകരമായി മറികടന്നു,...

കടുത്ത ചൂടിലും തളരാതെ കുവൈത്ത്; 50 ഡിഗ്രി താപനിലയിലെ ആദ്യ പരീക്ഷണം രാജ്യം വിജയകരമായി മറികടന്നു, തുണയായത് ഗൾഫ് പവർ ഗ്രിഡ്

spot_img

കുവൈത്ത്സിറ്റി: രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതോടെ ഉണ്ടായ കടുത്ത വേനൽച്ചൂടിന്റെ ആദ്യ യഥാർത്ഥ പരീക്ഷണം വിജയകരമായി മറികടന്ന് കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം. അടുത്തിടെ നടപ്പിലാക്കിയ വൈദ്യുതി നിയന്ത്രണ മാർഗ്ഗങ്ങളും, ഏതാനും ആഴ്ചകൾക്ക് മുൻപ് പ്രവർത്തനസജ്ജമായ ഗൾഫ് സഹകരണ കൗൺസിൽ വൈദ്യുതി കണക്റ്റിവിറ്റി വിപുലീകരണ പദ്ധതിയുമാണ് കടുത്ത പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ രക്ഷിച്ചത്.

ദേശീയ ഗ്രിഡിനെ ഗൾഫ് കോർപ്പറേഷൻ ഇന്റർകണക്ഷൻ അതോറിറ്റിയുടെ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന വിപുലീകരണ പദ്ധതി വഴി പ്രാദേശിക ഗ്രിഡിനെ പിന്തുണയ്ക്കുന്നതിനായി കുവൈത്തിന് ഏകദേശം 1,760 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യാൻ സാധിച്ചതായി മന്ത്രാലയ വൃത്തങ്ങൾ പ്രാദേശിക മാധ്യമമായ അൽ-റായിയോട് വ്യക്തമാക്കി. ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് ഗൾഫ് ഗ്രിഡിൽ നിന്ന് പരമാവധി 1,200 മെഗാവാട്ട് വൈദ്യുതി മാത്രമേ ഇറക്കുമതി ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.

എന്നാൽ പുതിയ വിപുലീകരണത്തോടെ, കുവൈത്തിന്റെ ആവശ്യാനുസരണവും ഗൾഫ് അതോറിറ്റിയുടെ പക്കലുള്ള അധിക വൈദ്യുതിയുടെ അളവ് അനുസരിച്ചും കൂടുതൽ ശേഷിയിൽ വൈദ്യുതി എത്തിക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്.വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി മന്ത്രാലയം എടുത്ത മുൻകരുതലുകളും ഈ വിജയത്തിന് കാരണമായി. കടുത്ത ഉപഭോഗമുള്ള സമയങ്ങളിൽ ചില വൻകിട ഫാക്ടറികളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയത് വലിയ രീതിയിൽ ഉപഭോഗം കുറയ്ക്കാൻ സഹായിച്ചു.

ഇതിനുപുറമെ, പീക്ക് സമയങ്ങളിൽ വൈദ്യുതി ദുരുപയോഗം ഒഴിവാക്കാനും ഊർജ്ജം വിവേകപൂർവ്വം ഉപയോഗിക്കാനും ഉപഭോക്താക്കൾക്കായി നടത്തിയ വിപുലമായ ബോധവൽക്കരണ കാമ്പെയ്‌നുകളും ഫലം കണ്ടു. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ, ശേഷിക്കുന്ന വൈദ്യുതോത്പാദന യൂണിറ്റുകളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ മന്ത്രാലയം വേഗത്തിൽ പൂർത്തിയാക്കിവരികയാണ്. നിലവിലെ വൈദ്യുതി ലോഡ് നിരക്കുകൾ മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടികളുടെ ഫലപ്രാപ്തിയാണ് കാണിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!