കുവൈത്ത് സിറ്റി: ഇറാനിയൻ ആക്രമണത്തെ തുടർന്ന് 63 പേർക്ക് പരിക്കേറ്റതായും 7 പ്രധാന അടിയന്തര ശസ്ത്രക്രിയകൾ നടത്തിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു.
ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകൾ മുതൽ തന്നെ രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും അടിയന്തര ആരോഗ്യ ജാഗ്രത പ്രഖ്യാപിക്കുകയും ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക ജീവനക്കാർ എന്നിവരെ സജ്ജമാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംഭവസ്ഥലത്തേക്ക് 25 ആംബുലൻസുകളും അടിയന്തര മെഡിക്കൽ സംഘങ്ങളും അയച്ചതായും പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി ആശുപത്രികളിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി.
പരിക്കേറ്റവരിൽ സാധാരണ പൗരന്മാർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒടിവുകൾ, തലയ്ക്കേറ്റ ഗുരുതര പരിക്കുകൾ, മസ്തിഷ്ക രക്തസ്രാവം, അവയവങ്ങൾ നഷ്ടമായ കേസുകൾ, സ്ഫോടന പരിക്കുകൾ, പുക ശ്വസിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ ഗുരുതര പരിക്കുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം, യുഎഇ കുവൈത്തിനുനേരെയുള്ള ഇറാനിയൻ ആക്രമണത്തെ ശക്തമായി അപലപിച്ച് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലെബനൻ പ്രസിഡന്റും കുവൈത്തിനും ബഹ്റൈനുമെതിരായ ആക്രമണങ്ങളെ അപലപിച്ചു.

