കുവൈത്ത് സിറ്റി: സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു.ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്. സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് പ്രവാസികൾക്കും ചില കമ്പനികൾക്കും ഔദ്യോഗിക വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തി അനധികൃത ലാഭം നേടുകയായിരുന്നു പ്രതികളെന്ന് മന്ത്രാലയം അറിയിച്ചു.
അന്വേഷണത്തിൽ, ആശുപത്രികളുടെ അകത്തും പുറത്തുമായി ഔദ്യോഗിക സ്റ്റാമ്പ് ആവശ്യമായ രേഖകൾ ലക്ഷ്യമിട്ട് സംഘം വ്യാജ സ്റ്റാമ്പുകൾ വിതരണം ചെയ്തതായി കണ്ടെത്തി. 5 ദിനാറിന്റെയും 10 ദിനാറിന്റെയും സ്റ്റാമ്പുകളാണ് പ്രധാനമായും വ്യാജമായി നിർമ്മിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.റെയ്ഡിനിടെ വ്യാജനിർമാണത്തിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, പ്രിന്റർ, സ്റ്റാമ്പ് റോളുകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ, ഒരു ആശുപത്രിയിൽ നിന്ന് ഔദ്യോഗിക സ്റ്റാമ്പ് പേപ്പർ റോളുകൾ മോഷ്ടിച്ച് അവ വ്യാജ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികളെയും പിടിച്ചെടുത്ത സാമഗ്രികളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.തട്ടിപ്പുകളും വ്യാജരേഖ നിർമ്മാണവും തടയുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമായി സുരക്ഷാ പരിശോധനകൾ തുടരുമെന്നും, സർക്കാർ രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

