കുവൈത്ത്സിറ്റി: വേനൽക്കാല അവധിക്കാലത്ത് വിദേശയാത്രകൾ നടത്തുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വ്യാജ യാത്രാ-ഓൺലൈൻ ബുക്കിംഗ് വെബ്‌സൈറ്റുകൾ വഴി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് (എൻ.ബി.കെ).
സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്, കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കിടയിൽ സാമ്പത്തിക സാക്ഷരതയും സുരക്ഷാബോധവും വളർത്തുന്നതിനായി നടപ്പിലാക്കുന്ന “ലെറ്റ്സ് ബി അവെയർ” (നമുക്ക് ബോധവാന്മാരാകാം) എന്ന ബാങ്കിംഗ് ബോധവൽക്കരണ കാമ്പെയ്‌ന്റെ ഭാഗമായാണ് ബാങ്ക് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.യാത്രാ ബുക്കിംഗുകൾ സജീവമാകുന്ന ഈ തിരക്കേറിയ സമയങ്ങളിൽ, ഉപഭോക്താക്കളുടെ ആവേശം ചൂഷണം ചെയ്താണ് തട്ടിപ്പുകാർ ഡിജിറ്റൽ തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്നത്.
വൻകിട വിമാനക്കമ്പനികൾ, പ്രശസ്തമായ ഹോട്ടലുകൾ, ആഗോള ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുടേതിന് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നത്. യഥാർത്ഥ സൈറ്റുകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വ്യാജ ലിങ്കുകൾ തിരിച്ചറിയുക എന്നത് ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.സോഷ്യൽ മീഡിയയിലെ ആകർഷകമായ പരസ്യങ്ങൾ, വിശ്വസനീയമെന്ന് തോന്നിക്കുന്ന ഇമെയിലുകൾ എന്നിവയിലൂടെ വിശ്വസിക്കാനാകാത്ത വിധം കുറഞ്ഞ നിരക്കിലുള്ള ഓഫറുകൾ നൽകിയാണ് തട്ടിപ്പുകാർ ഇരകളെ ആകർഷിക്കുന്നത്.
ഇത്തരം വ്യാജ വെബ്‌സൈറ്റുകളിൽ പ്രവേശിച്ച് ടിക്കറ്റോ ഹോട്ടലോ ബുക്ക് ചെയ്യുന്നതിനായി ഉപഭോക്താക്കൾ തങ്ങളുടെ ബാങ്ക് കാർഡ് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ രേഖപ്പെടുത്തുന്നതോടെയാണ് പണം നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നത്. അതിനാൽ ഓൺലൈൻ ബുക്കിംഗുകൾ നടത്തുന്നതിന് മുൻപ് സേവനദാതാക്കളുടെ വിശ്വാസ്യത പൂർണ്ണമായും ഉറപ്പുവരുത്തണമെന്ന് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

