കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒരു ഫാമിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന ക്യാപ്റ്റഗൺ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ കണ്ടെത്തി തകർത്തു. കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു.
പ്രതികളുടെ മയക്കുമരുന്ന് പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് സുരക്ഷാസേന ഫാമിൽ റെയ്ഡ് നടത്തിയത്. അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ ശക്തമായി പ്രതിരോധിച്ചെങ്കിലും സുരക്ഷാസേനയുടെ ജാഗ്രത മൂലം രക്ഷപ്പെടാനായില്ലെന്ന് മന്ത്രാലയം അറിയിച്ചു.പരിശോധനയിൽ 5 കിലോഗ്രാം ക്യാപ്റ്റഗൺ അസംസ്കൃത പൊടി, ഗുളിക നിർമ്മാണ യന്ത്രം, ഡിജിറ്റൽ ത്രാസ്സ്, പാക്കിംഗ് ഉപകരണങ്ങൾ, വിതരണത്തിനുള്ള സാമഗ്രികൾ, ഒഴിഞ്ഞ ബാഗുകൾ എന്നിവ കണ്ടെത്തി.
തുടർ അന്വേഷണത്തിൽ, വിതരണം ചെയ്യാൻ തയ്യാറാക്കിയ വലിയ തോതിലുള്ള ക്യാപ്റ്റഗൺ ഗുളികകൾ ഭൂമിക്കടിയിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അവയും കണ്ടെടുത്തു.ആകെ ഏകദേശം ഒരു ലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. ഇവയുടെ വിപണി വില അഞ്ച് ലക്ഷം ദിനാറിലധികം വരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.അറസ്റ്റിലായ രണ്ട് പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും ഉപകരണങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

