കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ പ്രധാന ഹൈവേകളിലും ആഭ്യന്തര റോഡുകളിലും നടക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെയും റോഡ് അറ്റകുറ്റപ്പണികളുടെയും ഭാഗമായി മേയ് മാസത്തിൽ നടത്തിയ അസ്ഫാൽറ്റ് ഗുണനിലവാര പരിശോധനകളുടെ കൃത്യമായ കണക്കുകൾ പൊതുമരാമത്ത് മന്ത്രാലയം പുറത്തുവിട്ടു. റോഡുകളുടെ നിർമ്മാണ നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക വിഭാഗം അതീവ ജാഗ്രതയോടെയുള്ള ഫീൽഡ് പരിശോധനകളാണ് കഴിഞ്ഞമാസം പൂർത്തിയാക്കിയത്.മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം മേയ് മാസത്തിൽ മാത്രം 808 ലാബോറട്ടറി പരിശോധനകളാണ് വിജയകരമായി പൂർത്തിയാക്കിയത്.
ഇതിന് പുറമെ നിർമ്മാണ രംഗത്തെ മികവിനായി മൂന്ന് സർട്ടിഫിക്കറ്റുകളും മൂന്ന് ഫാക്ടറി കാലിബ്രേഷനുകളും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ഇൻഫ്രാസ്ട്രക്ചർ നിർമ്മാണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രായോഗിക നടപ്പാക്കൽ പദ്ധതികൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നവീകരിച്ച ‘ഗ്യാപ്പ് അനാലിസിസ്’ പ്രക്രിയയും ഈ കാലയളവിൽ പൂർത്തിയാക്കി.പൊതുമരാമത്ത് മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സംഘങ്ങൾ കഴിഞ്ഞമാസം മാത്രം വിവിധ അസ്ഫാൽറ്റ് നിർമ്മാണ പ്ലാന്റുകളിലേക്ക് 192 ഫീൽഡ് സന്ദർശനങ്ങൾ നടത്തി കാര്യക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ട്.
കൂടാതെ നിലവിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്ന വിവിധ റോഡുകളിൽ നിന്ന് 559 സാമ്പിളുകളും, പ്ലാന്റുകളിൽ നിന്ന് നേരിട്ട് 204 സാമ്പിളുകളും ശേഖരിച്ചു. ഗവൺമെന്റ് സെന്ററിന്റെ അത്യാധുനിക ലാബോറട്ടറികളിൽ വെച്ച് ഇവയുടെ ഗുണനിലവാരം വിശദമായി പരിശോധിക്കുന്നതിനാണ് ഇത്രയധികം സാമ്പിളുകൾ ശേഖരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. വരും മാസങ്ങളിലും റോഡ് നിർമ്മാണത്തിലെ സുതാര്യതയും ഈടുനില്പും ഉറപ്പാക്കാൻ കർശനമായ നിരീക്ഷണങ്ങൾ തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

