കുവൈത്ത്സിറ്റി: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സമാധാന ധാരണാപത്രം പശ്ചിമേഷ്യൻ മേഖലയിൽ വലിയ തോതിൽ സ്ഥിരതയും സമാധാനവും കൊണ്ടുവരാൻ സഹായിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറഹ് അൽ-ജാബർ പ്രത്യാശ പ്രകടിപ്പിച്ചു. വ്യാഴാഴ്ച ഇറാന്റെ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് കുവൈത്ത് തങ്ങളുടെ അനുകൂല നിലപാട് വ്യക്തമാക്കിയത്. കുവൈത്ത് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ആഗോള സുരക്ഷയും സംരക്ഷിക്കാൻ ഈ കരാർ വഴിയൊരുക്കുമെന്നാണ് കുവൈത്ത് കരുതുന്നത്.
മേഖലയിൽ നിലനിൽക്കുന്ന പല സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും ശാശ്വത പരിഹാരം കാണാൻ ഈ ഉടമ്പടി സഹായിക്കുമെന്ന് ഷെയ്ഖ് ജറഹ് പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അടിസ്ഥാനത്തിലായിരിക്കണം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.നല്ല അയൽബന്ധം പുലർത്തുക, മറ്റുള്ള രാജ്യങ്ങളുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കുക, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നിവയുടെ പ്രാധാന്യവും കുവൈത്ത് വിദേശകാര്യ മന്ത്രി അടിവരയിട്ടു പറഞ്ഞു.
ഭീഷണികളോ സൈനിക ശക്തിയോ ഉപയോഗിക്കാതെ തർക്കങ്ങൾ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കണം. പശ്ചിമേഷ്യയിൽ വിദേശ ഏജന്റുകളെ ഉപയോഗിച്ചുള്ള നിഴൽ യുദ്ധങ്ങളും അവയ്ക്കുള്ള പിന്തുണയും പൂർണ്ണമായും അവസാനിപ്പിക്കുന്നത് മേഖലയിലെ ജനങ്ങളുടെ പൊതുവായ താൽപ്പര്യങ്ങൾക്കും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ കുവൈത്ത് വ്യക്തമാക്കി.

