കുവൈത്ത്സിറ്റി: മാംസവും മറ്റ് ഭക്ഷ്യസാധനങ്ങളും വിതരണം ചെയ്യുന്ന കമ്പനി നൽകിയ ഹർജി തള്ളിയ കീഴ്‌ക്കോടതി വിധി വാണിജ്യ അപ്പീൽ കോടതി റദ്ദാക്കി. സാധനങ്ങൾ കൈപ്പറ്റിയ വകയിലുള്ള കുടിശ്ശികയായ 39,788.273 കുവൈത്ത് ദിനാർ കമ്പനിക്ക് നൽകാൻ പ്രവാസി വ്യവസായിയോട് കോടതി ഉത്തരവിട്ടു. ഇതിനുപുറമെ കോടതിച്ചെലവുകളും നിയമോപദേശ ഫീസായി 200 ദിനാറും പ്രതിയായ വ്യവസായി നൽകണം. 2016 മുതൽ 2023 അവസാന വാരം വരെ മാംസവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത വകയിൽ ലഭിക്കാനുള്ള കുടിശ്ശിക ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ അഭിഭാഷകനായ അലി മതാർ അൽ-വാവനാണ് കോടതിയെ സമീപിച്ചത്.ഇരുപാർട്ടികളും തമ്മിൽ നടന്ന വാണിജ്യ ഇടപാടുകൾ തെളിയിക്കുന്ന ഇൻവോയ്‌സുകളും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും അടിസ്ഥാനമാക്കിയാണ് ഹർജി സമർപ്പിച്ചത്. കേസ് പഠിക്കാൻ കോടതി നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതി കമ്പനിക്ക് 39,788.273 ദിനാർ നൽകാനുണ്ടെന്ന് കോടതി സ്ഥിരീകരിച്ചത്.
അതേസമയം, കുടിശ്ശിക തുകയ്ക്ക് നിയമപരമായ പലിശ ഈടാക്കണമെന്ന കമ്പനിയുടെ ആവശ്യം കോടതി നിരസിച്ചു. ഇരുവർക്കും ഇടയിലുള്ള കരാർ അസാധുവായ സാഹചര്യത്തിൽ, അന്യായമായ സമ്പാദ്യ സമ്പാദനം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സിവിൽ ബാധ്യത നിലനിൽക്കുന്നതെന്നും അതിനാൽ വൈകി പണം അടയ്ക്കുന്നതിനുള്ള പലിശ ഈടാക്കാൻ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി. കമ്പനിക്ക് ലഭിക്കാനുള്ള കടബാധ്യത തെളിയിക്കുന്ന കൃത്യമായ രേഖകളും ഇൻവോയ്‌സുകളും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും ഹാജരാക്കിയാണ് അഭിഭാഷകൻ അലി മതാർ അൽ-വാവൻ അനുകൂല വിധി നേടിയെടുത്തത്.

