കുവൈത്ത്സിറ്റി: കുവൈത്തിലെ പ്രധാന പാതകളിലൊന്നായ കിങ് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ (റിയാദ് റോഡ്) ഖൈത്താൻ പ്രദേശത്തിന് എതിർവശത്തുള്ള ഭാഗം താൽക്കാലികമായി അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഇതുവഴിയുള്ള വാഹനയാത്രക്കാർക്കായി വിപുലമായ ഗതാഗത ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈത്ത് സിറ്റിയിൽ നിന്നും വിമാനത്താവള ലക്ഷ്യമാക്കി വരുന്ന വാഹനങ്ങൾ അഞ്ചാം റിങ് റോഡിലേക്ക് (സാൽമിയ അല്ലെങ്കിൽ ജഹ്‌റ ഭാഗത്തേക്ക്) തിരിച്ചുവിട്ടിരിക്കുകയാണ്.
അതേസമയം, അഞ്ചാം റിങ് റോഡിൽ നിന്നും ഖൈത്താൻ, സൗത്ത് സുറ പ്രദേശങ്ങളിലേക്ക് (ഇബ്രാഹിം അൽ മുസൈൻ പാലം വഴി) പോകുന്നവർക്കായി റിയാദ് റോഡിന് സമാന്തരമായുള്ള പാത തുറന്നുകൊടുത്തിട്ടുണ്ട്.
ജൂൺ 19 വെള്ളിയാഴ്ച ആരംഭിച്ച ഈ ഗതാഗത നിയന്ത്രണങ്ങൾ ജൂൺ 21 ഞായറാഴ്ച രാവിലെ ആറ് മണി വരെ തുടരുമെന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഞായറാഴ്ച രാവിലെ വരെ ഖൈത്താന് എതിർവശത്തുള്ള റിയാദ് റോഡ് പൂർണ്ണമായും അടച്ചിടുമെന്നതിനാൽ, വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ അഞ്ചാം റിങ് റോഡ് വഴിയുള്ള വഴിത്തിരിവുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

