കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസിനായുള്ള പ്രാക്ടിക്കൽ പരീക്ഷകളുടെ സമയക്രമത്തിൽ താൽക്കാലിക മാറ്റം വരുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വൈകുന്നേരത്തെ ഷിഫ്റ്റുകളിൽ ഡ്രൈവിങ് ടെസ്റ്റിനായി അപ്പോയിന്റ്‌മെന്റ് ലഭിച്ചിട്ടുള്ളവർക്ക് ഇനി മുതൽ രാവിലെ എത്തി പരീക്ഷ പൂർത്തിയാക്കാമെന്ന് ട്രാഫിക് അവയർനസ് യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബു ഹസ്സൻ വ്യക്തമാക്കി.വിവിധ ഗവർണറേറ്റുകളിലെ ഡ്രൈവിങ് എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റുകളുടെ പ്രവർത്തനം നിലവിൽ രാവിലത്തെ ഷിഫ്റ്റിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ക്രമീകരണം.
വൈകുന്നേരത്തെ സമയങ്ങളിൽ അപ്പോയിന്റ്‌മെന്റ് ഉള്ളവർക്ക് നിശ്ചയിച്ചിട്ടുള്ള അതേ ദിവസം തന്നെ രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 2:30 വരെയുള്ള സമയത്തിനുള്ളിൽ ടെസ്റ്റിങ് സെന്ററുകളിൽ എത്തി പരീക്ഷാ നടപടികൾ തടസ്സമില്ലാതെ പൂർത്തിയാക്കാവുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.മാറ്റിവെച്ച സമയത്ത് ഹാജരാകാൻ സാധിക്കാത്തവർക്കോ അപ്പോയിന്റ്‌മെന്റ് നഷ്ടമായവർക്കോ ഔദ്യോഗിക സർക്കാർ ആപ്പായ ‘സാഹൽ’ വഴി ഡ്രൈവിങ് ടെസ്റ്റിനായി പുതിയ തീയതിയും സമയവും വളരെ എളുപ്പത്തിൽ വീണ്ടും ഷെഡ്യൂൾ ചെയ്യാം.
വൈകുന്നേരത്തെ അപ്പോയിന്റ്‌മെന്റുകൾ ഉള്ളവർ രാവിലെ തന്നെ സെന്ററുകളിൽ എത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം ഉപഭോക്താക്കൾക്ക് മൊബൈൽ വഴി നോട്ടിഫിക്കേഷനുകളും അലേർട്ടുകളും അയക്കുന്നുണ്ട്. അനാവശ്യമായ സമയനഷ്ടവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ടെസ്റ്റിങ് സെന്ററുകളിലേക്ക് പുറപ്പെടുന്നതിന് മുൻപായി ഔദ്യോഗിക ആപ്പുകളിലെ നോട്ടിഫിക്കേഷനുകൾ പരിശോധിച്ച് തീയതിയും സമയവും ഉറപ്പുവരുത്തണമെന്ന് അപേക്ഷകരോട് ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബു ഹസ്സൻ അഭ്യർത്ഥിച്ചു.


