കുവൈറ്റ് സിറ്റി : കുവൈറ്റിൽ വാഹനങ്ങളുടെ ബോഡിയിലോ ഗ്ലാസുകളിലോ അനുമതിയില്ലാതെ സ്റ്റിക്കറുകൾ, എഴുത്തുകൾ, ചിത്രങ്ങൾ എന്നിവ പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജനറൽ ട്രാഫിക് വകുപ്പ് വീണ്ടും മുന്നറിയിപ്പ് നൽകി.വിവാഹം, ബിരുദദാനം, മറ്റ് ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്റ്റിക്കറുകൾ വാഹനങ്ങളിൽ വ്യാപകമായി പതിക്കുന്ന പ്രവണത വർധിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്.
ട്രാഫിക് നിയമങ്ങളുടെ എക്സിക്യൂട്ടീവ് ചട്ടപ്രകാരം ഇത്തരത്തിലുള്ള സ്റ്റിക്കറുകളും എഴുത്തുകളും ചിത്രങ്ങളും വാഹനങ്ങളിൽ പ്രദർശിപ്പിക്കുന്നത് നിയമലംഘനമാണ്. നിയമം ലംഘിക്കുന്നവർക്ക് ട്രാഫിക് പിഴ, വാഹനം പിടിച്ചെടുക്കൽ, കൂടാതെ കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് തടവുശിക്ഷ വരെ ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു.ആഘോഷങ്ങൾ നിയമം പാലിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെ നടത്തണമെന്നും, ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനങ്ങളുടെ പൊതുരൂപം സംരക്ഷിക്കുന്നതിനും സഹായിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റും എമർജൻസി പോലീസ് ഡയറക്ടറേറ്റും പുറത്തുവിട്ട കണക്കുകൾ പ്രകാരം:18,014 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.1,259 വാഹനാപകടങ്ങളിൽ പോലീസ് ഇടപെട്ടു.101 വാണ്ടഡ് വ്യക്തികളെയും നിയമലംഘകരെയും പിടികൂടി.
53 പ്രതികളെയും പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തു.ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് 43 വാഹനമോടികളെ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു.ലൈസൻസില്ലാതെ വാഹനം ഓടിച്ച 10 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു.ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വീണ്ടും പൊതുജനങ്ങളോട് അഭ്യർഥിച്ചു.



