കുവൈറ്റ് സിറ്റി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഹൃദയംഗമമായ ആശംസകൾ നേർന്ന് കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഔദ്യോഗിക സന്ദേശമയച്ചു. പ്രസിഡന്റ് ട്രംപിന് തന്റെ ആത്മാർത്ഥമായ ആശംസകൾ അറിയിച്ച അമീർ, കുവൈറ്റും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധത്തെ പ്രസ്താവനയിലൂടെ ഏറെ പ്രശംസിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരുപക്ഷത്തിന്റെയും പരസ്പര താൽപ്പര്യങ്ങൾ മുൻനിർത്തി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുമുള്ള സംയുക്ത പ്രതിജ്ഞാബദ്ധത അമീർ സന്ദേശത്തിൽ വീണ്ടും ഊന്നിപ്പറഞ്ഞു.
പ്രസിഡന്റ് ട്രംപിന് തുടർന്നുള്ള നല്ല ആരോഗ്യവും സന്തോഷവും നേർന്ന അദ്ദേഹം, അമേരിക്കയിലെ ജനങ്ങൾക്കും രാജ്യത്തിനും കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രത്യേകമായി ആശംസകൾ നേർന്നുകൊണ്ട് സന്ദേശമയച്ചിട്ടുണ്ട്. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഇരുന്നൂറ്റി അൻപതാം വാർഷിക വേളയിൽ തന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിച്ച കിരീടാവകാശി, ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ഉഭയകക്ഷി ബന്ധത്തെ പ്രകീർത്തിക്കുകയും പ്രസിഡന്റിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുകയും ചെയ്തു.



