കുവൈറ്റ് : കുവൈറ്റ് സിറ്റി: കഴിഞ്ഞ 12 വർഷമായി കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവും ഐ.എം.സി.സി കുവൈറ്റ് കമ്മിറ്റി ട്രഷററുമായ അബൂബക്കർ എ ആർ നഗറിന് ഐ.എം.സി.സി കുവൈറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. ലളിതമായ പെരുമാറ്റത്തിലൂടെയും കൃത്യമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പ്രവാസി സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയ അദ്ദേഹം, ഐ എം സി സി കുവൈറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇൻവെസ്റ്റ്മെന്റ് വിംഗ് കൺവീനർ എന്നീ നിലകളിലും മികച്ച പ്രവർത്തനം നടത്തിയിരുന്നു.
ഐ.എം.സി.സി കുവൈറ്റ് പ്രസിഡന്റ് ഹമീദ് മധൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജി.സി.സി രക്ഷാധികാരി സിത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. സംഘടനയ്ക്കും പ്രവാസി സമൂഹത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മുൻനിർത്തി ഐ.എം.സി.സി ജനറൽ സെക്രട്ടറി ഷെരീഫ് താമരശ്ശേരി അദ്ദേഹത്തിന് ഉപഹാരം (മൊമെന്റോ) സമർപ്പിച്ചു.
ചടങ്ങിൽ ഹാരിസ് പൂച്ചക്കാട്, മുനീർ തൃക്കരിപ്പൂർ, സിറാജ് പാലക്കി, ഉമർ കൂളിയങ്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബൂബക്കർ തനിക്ക് ലഭിച്ച സ്നേഹത്തിനും സഹകരണത്തിനും യാത്രയയപ്പ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി.



