കുവൈത്ത് സിറ്റി, ജൂലൈ 20: മഹ്ബൂലയിലെ ഒരു മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിൽ കവർച്ചയും മോഷണവും നടത്തിയ കേസിൽ നൈജീരിയൻ സംഘത്തിന് വിധിച്ച ഏഴ് വർഷവും ആറുമാസവും തടവുശിക്ഷ കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു.കൗൺസിലർ നസർ സലേം അൽ-ഹൈദ് അധ്യക്ഷനായ രണ്ടാം അപ്പീൽ ബെഞ്ചാണ് കീഴ്‌ക്കോടതിയുടെ വിധി നിലനിർത്തിയത്.
പ്രോസിക്യൂഷൻ ആരോപിച്ചതനുസരിച്ച്, ആദ്യ നാല് പ്രതികൾ ചേർന്ന് എക്‌സ്‌ചേഞ്ചിൽ നിന്ന് പണം കവർന്നു. ഇതിൽ രണ്ടാം പ്രതി വ്യാജ തോക്ക് ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും, മറ്റ് പ്രതികൾക്ക് കവർച്ച നടത്താൻ സഹായിക്കുകയും ചെയ്തു.അഞ്ചാം പ്രതിക്കെതിരെ കവർച്ച ആസൂത്രണം ചെയ്യുന്നതിൽ പങ്കാളിയായത്, മോഷണവസ്തുക്കൾ ഒളിപ്പിക്കാൻ സഹായിച്ചത്, കവർച്ചയിൽ ലഭിച്ച പണം കൈകാര്യം ചെയ്തത് എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.ക്രിമിനൽ കോടതി ആദ്യ നാല് പ്രതികൾക്ക് ഏഴ് വർഷം തടവും, അഞ്ചാം പ്രതിക്ക് ആറ് മാസം തടവും വിധിച്ചിരുന്നു. ഈ ശിക്ഷയാണ് അപ്പീൽ കോടതിയും ശരിവെച്ചത്.



