ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനിക്കേസുകൾ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ഐ.സി.എം.ആർ. പിന്തുണയോടെ രാജ്യവ്യാപകമായി നടത്തിയ പഠനത്തിൽ ഡെങ്കിപ്പനി വൈറസിന്റെ നാല് സെറോടൈപ്പുകളും വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഈ വകഭേദങ്ങൾ ഒരുമിച്ചു വ്യാപിക്കുന്നുവെന്ന് പഠനം പറയുന്നു.
നാല് സാമ്യമുള്ള വൈറസ് സെറോടൈപ്പുകളായ DENV-1, DENV-2, DENV-3, DENV-4 എന്നിവ മൂലമാണ് ഡെങ്കിപ്പനി ഉണ്ടാകുന്നത്. ഒന്നിലധികം ഡെങ്കിപ്പനി സെറോടൈപ്പുകൾ ഒരുമിച്ച് വ്യാപിക്കുന്നതിലൂടെ നേരത്തേ ഡെങ്കിപ്പനി ബാധിച്ച വ്യക്തിക്ക് വീണ്ടും മറ്റൊരു വിഭാഗത്തിലുള്ള വകഭേദം സ്ഥിരീകരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. ഇത് ഗുരുതരമായ ഡെങ്കിപ്പനി ഉണ്ടാകാനുള്ള സാധ്യതയും കൂട്ടും.
ഒരു സെറോടൈപ്പ് ബാധിച്ച വ്യക്തിക്ക് ആ പ്രത്യേക വിഭാഗത്തിനെതിരെ മാത്രമേ ദീർഘകാല രോഗപ്രതിരോധ ശേഷി ലഭിക്കൂ. ശേഷം മറ്റൊരു സെറോടൈപ്പ് ബാധിച്ചാൽ ആരോഗ്യം വഷളാവുകയും ഗുരുതരമാവുകയും ചെയ്യും. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഡെങ്കിപ്പനി വളരെ വ്യാപകമായി മാറിയിരിക്കുന്നു എന്നും പഠനം പറയുന്നു. ചില രോഗികളിൽ ഒന്നിലധികം സെറോടൈപ്പുകൾ ഉൾപ്പെട്ട കോ-ഇൻഫെക്ഷനുകളും കാണുന്നുണ്ട്. ഇത് ഒന്നിലധികം വിഭാഗങ്ങൾ ഒരേസമയം പടരുന്നു എന്നാണ് സൂചിപ്പിക്കുന്നതെന്നും പഠനം പറയുന്നു



