കുവൈത്ത് സിറ്റി, ഓഗസ്റ്റ് 1: ജലീബ് അൽ-ഷുയൂഖിൽ നിയമലംഘനങ്ങൾ അവസാനിപ്പിക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനുമായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന വിപുലമായ സുരക്ഷാ നടപടികൾ തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം റെസിഡൻസി, തൊഴിൽ നിയമലംഘകരും വിവിധ കേസുകളിൽ പ്രതികളുമായ 1,253 പേരെ അറസ്റ്റ് ചെയ്തു.അനധികൃത ഗർഭധാരണ കേസുകളുമായി ബന്ധപ്പെട്ട 36 കുട്ടികളെയും അവരുടെ മാതാക്കളെയും നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ 256 വ്യാപാര ലംഘനങ്ങൾ, 10 സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ, 315 ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ, 188 അഗ്നിസുരക്ഷാ അടച്ചുപൂട്ടൽ ഉത്തരവുകൾ, 90 പരിസ്ഥിതി ലംഘനങ്ങൾ, 777 മുനിസിപ്പൽ ലംഘനങ്ങൾ എന്നിവയും രേഖപ്പെടുത്തി.അതേസമയം, 1,200 അനധികൃത താമസകേന്ദ്രങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചതോടെ ഫർവാനിയ ഗവർണറേറ്റിലെ വൈദ്യുതി ലോഡ് 60 ശതമാനം കുറഞ്ഞതായി അധികൃതർ അറിയിച്ചു. കൂടാതെ 1,432 കെട്ടിടങ്ങൾ തകർച്ചാ ഭീഷണിയിലുള്ളവയാണെന്ന് കണ്ടെത്തിയതായും പരിശോധനകളും നിയമനടപടികളും തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



