കുവൈറ്റ് സിറ്റി: ഉൽപ്പന്നങ്ങളുടെ ലേബലുകളിലും കാലാവധി അവസാനിക്കുന്ന തീയതികളിലും മാറ്റം വരുത്തി വിപണിയിൽ എത്തിക്കാൻ ശ്രമിച്ച വൻ വ്യാജ വിതരണ കേന്ദ്രം കുവൈറ്റ് അൽ അസിമ ഗവർണറേറ്റിൽ പിടികൂടി. റെയ്ഡിൽ അനുമതിയില്ലാത്ത നൂറുകണക്കിന് കോസ്മെറ്റിക് ഉൽപ്പന്നങ്ങളും മെഡിക്കൽ ക്രീമുകളും അധികൃതർ പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന സംഘം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്നത്. കേന്ദ്രത്തിൽ നിന്ന് അനുമതിയില്ലാത്ത 411 കോസ്മെറ്റിക്-മെഡിക്കൽ ഉൽപ്പന്നങ്ങളും 3,500 ഓളം വ്യാജ ലേബലുകളും കണ്ടെടുത്തു. ഉപഭോക്താക്കളെ വഞ്ചിക്കുന്ന രീതിയിൽ പഴയ ലേബലുകൾ മാറ്റി പുതിയ തീയതികളും ബ്രാൻഡ് വിവരങ്ങളും ഒട്ടിച്ചുചേർക്കുകയായിരുന്നു ഇവിടുത്തെ രീതി.
വാണിജ്യ തട്ടിപ്പ് തടയുന്നതിനുള്ള ജി.സി.സി ഏകീകൃത നിയമത്തിന്റെ ആർട്ടിക്കിൾ 2 (പാരഗ്രാഫ് 2) ലംഘിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ വിപണിയിലെ കള്ളക്കളി തടയുന്നതിനുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.



