കുവൈത്ത് സിറ്റി, ഓഗസ്റ്റ് 3: സർക്കാർ, ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും ലഭ്യമാക്കുന്നതിനായി അംഗീകൃത ഡിജിറ്റൽ സിഗ്നേച്ചർ (Digital Signature) ഉടൻ ആക്ടിവേറ്റ് ചെയ്യണമെന്ന് കുവൈത്ത് നീതി മന്ത്രാലയവും (Ministry of Justice) പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനും (PACI) സ്വദേശികളോടും പ്രവാസികളോടും അഭ്യർഥിച്ചു.സർക്കാർ വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഈ നടപടി. ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് പേപ്പർ ഒപ്പുകളോ നേരിട്ട് ഓഫീസുകളിൽ ഹാജരാകേണ്ടതോ ഇല്ലാതെ മൊബൈൽ ഫോണിലൂടെയോ മറ്റ് ഉപകരണങ്ങളിലൂടെയോ നിയമപരമായ സാധുതയുള്ള രേഖകൾക്കും ഇടപാടുകൾക്കും ഡിജിറ്റലായി അംഗീകാരം നൽകാനാകും.വരാനിരിക്കുന്ന ഓൺലൈൻ നോട്ടറി സേവനങ്ങൾ, പവർ ഓഫ് അറ്റോർണി (Power of Attorney) നൽകൽ, റദ്ദാക്കൽ എന്നിവ ഉൾപ്പെടെയുള്ള നീതി മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവനങ്ങൾക്കും ഇത് ഉപയോഗിക്കാനാകും.
അതോടൊപ്പം കമ്പനികളും സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യൽ, വാണിജ്യ ലൈസൻസ് നടപടികൾ, വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങൾ, ചില ബാങ്കിംഗ് ഇടപാടുകളും കരാറുകളും നേരിട്ട് ഹാജരാകാതെ ഓൺലൈനായി പൂർത്തിയാക്കാനും ഡിജിറ്റൽ സിഗ്നേച്ചർ സഹായിക്കും.
കുവൈത്ത് പൗരന്മാർക്ക് My Kuwait ID ആപ്പ് വഴിയോ PACIയുടെ Self-Service മെഷീനുകൾ വഴിയോ ഡിജിറ്റൽ സിഗ്നേച്ചർ ആക്ടിവേറ്റ് ചെയ്യാം. പ്രവാസികൾക്ക് കുവൈത്തിലെ വിവിധ കേന്ദ്രങ്ങളിലുള്ള PACIയുടെ Self-Service മെഷീനുകൾ വഴി സേവനം സജീവമാക്കാം.ഭാവിയിൽ കൂടുതൽ സർക്കാർ, ബാങ്കിംഗ് ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്നതിനാൽ എല്ലാവരും മുൻകൂട്ടി ഡിജിറ്റൽ സിഗ്നേച്ചർ ആക്ടിവേറ്റ് ചെയ്യണമെന്ന് നീതി മന്ത്രാലയവും PACIയും അറിയിച്ചു.



