കുവൈത്ത് സിറ്റി: ഗൾഫ് ഗ്രിഡ് കണക്ഷന്‍റെ സഹായത്തോടെയും ഊർജ്ജ ഉപഭോഗത്തിൽ വരുത്തിയ കൃത്യമായ നിയന്ത്രണങ്ങളിലൂടെയും വേനൽക്കാലത്തിന്‍റെ ആദ്യ പകുതി മുൻകൂട്ടി നിശ്ചയിച്ച വൈദ്യുതി നിയന്ത്രണങ്ങൾ (ലോഡ് ഷെഡ്ഡിംഗ്) ഇല്ലാതെ വിജയകരമായി പൂർത്തിയാക്കി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം.
കടുത്ത വെല്ലുവിളികൾ നിലനിന്നിരുന്നെങ്കിലും വേനൽക്കാലത്തിന്റെ ആരംഭം മുതൽ വൈദ്യുതി വിതരണ സംവിധാനവും ഉപഭോഗ തോതും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചതായി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. വേനൽക്കാലത്തിന്റെ രണ്ടാം പകുതിയും തടസ്സങ്ങളില്ലാതെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി വൈദ്യുതിയുടെയും വെള്ളത്തിന്റെയും അനാവശ്യ ഉപഭോഗം ഒഴിവാക്കി പൊതുജനങ്ങൾ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
അതിനിടെ, “സാങ്കേതികവിദ്യ സുസ്ഥിരതയെ കണ്ടുമുട്ടുമ്പോൾ” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന “സസ്റ്റൈനബിലിറ്റി ക്യാമ്പ്” ദേശീയ സംരംഭത്തിന്റെ നാലാം സീസണിൽ മന്ത്രാലയം പങ്കാളികളാകുന്നുണ്ട്. ഊർജ്ജ സംരക്ഷണ സംസ്കാരം വളർത്തിയെടുക്കുന്നതിനും, പ്രത്യേകിച്ച് കുട്ടികളിലും യുവാക്കളിലും സുസ്ഥിരതയെക്കുറിച്ചുള്ള ധാരണ സൃഷ്ടിക്കുന്നതിനുമാണ് ഈ സംരംഭത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.



