കുവൈറ്റ് സിറ്റി: വീട്ടിൽ സൂക്ഷിച്ചിരുന്ന ലൈസൻസമില്ലാത്ത തോക്കുകൾ പുറത്തേക്ക് വലിച്ചെറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതിന് പകരം, ഭർത്താവിനെ നിയമനടപടികളിൽ നിന്ന് രക്ഷിക്കാനും സ്വന്തം ജീവൻ സംരക്ഷിക്കാനുമായി ആയുധങ്ങൾ പോലീസിന് കൈമാറി ഇറാഖി വനിത. ഭർത്താവിന്റെ പക്കൽ ഒരു പിസ്റ്റളും രണ്ട് എയർ റൈഫിളുകളും ഉള്ളതായി നാൽപ്പതുകാരിയായ ഭാര്യ ജഹ്റ സുരക്ഷാസേനയെ നേരിട്ടറിയിക്കുകയായിരുന്നു.
കുവൈറ്റി സ്വദേശിയായ ഭർത്താവ് വീട്ടിൽ അനധികൃതമായി ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇറാഖി വനിത ആഭ്യന്തര മന്ത്രാലയത്തിൽ വിവരം നൽകിയത്. വീട്ടിൽ ആയുധങ്ങൾ ഉള്ളതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും, ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശം വെക്കുന്നതിന്റെ കടുത്ത നിയമ പ്രത്യാഘാതങ്ങളിൽ നിന്ന് ഭർത്താവിനെ സംരക്ഷിക്കാനാണ് താൻ വിവരം നൽകുന്നതെന്നും ഇവർ വ്യക്തമാക്കി.
വിവരം ലഭിച്ചതിനെ തുടർന്ന് ജഹ്റ സുരക്ഷാ വിഭാഗം സ്ഥലത്തെത്തുകയും ഭാര്യയുടെ സഹായത്തോടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 9 എംഎം പിസ്റ്റളും രണ്ട് എയർ റൈഫിളുകളും കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ ഡെപ്യൂട്ടി അറ്റോർണി ജനറലിന്റെ നിർദ്ദേശപ്രകാരം നിയമനടപടികൾ സ്വീകരിച്ച പോലീസ്, ആയുധങ്ങൾ പിടിച്ചെടുക്കുകയും കുവൈറ്റി സ്വദേശിയായ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.



