കുവൈത്ത് സിറ്റി: പൊതുനിരത്തുകളിൽ തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനം മറികടക്കുന്നതും (ഓവർടേക്കിംഗ്), മനഃപൂർവ്വം ഗതാഗതം തടസ്സപ്പെടുത്തുന്നതും ഗുരുതര കുറ്റമായി കണക്കാക്കുമെന്നും ഇത്തരക്കാരെ നിയമപരമായ ശിക്ഷാനടപടികൾക്കായി ട്രാഫിക് കോടതിയിലേക്ക് അയക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തിറക്കിയ പുതിയ ബോധവൽക്കരണ സർക്കുലറിലാണ് ഡ്രൈവർമാർക്ക് അധികൃതർ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 36 പ്രകാരം പൊതുനിരത്തുകളിൽ ഗതാഗതം മനഃപൂർവ്വം തടസ്സപ്പെടുത്തുന്ന ലംഘനങ്ങൾക്ക് 20 കുവൈത്തി ദിനാറും, ആർട്ടിക്കിൾ 37 പ്രകാരം കൃത്യമായ നിയമങ്ങൾ പാലിക്കാതെ വാഹനം മറികടക്കുന്നതിന് 15 കുവൈത്തി ദിനാറുമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമേ, ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ ട്രാഫിക് എക്സിക്യൂട്ടീവ് റെഗുലേഷൻസിലെ ആർട്ടിക്കിൾ 207 പ്രകാരം രണ്ട് മാസം വരെ കണ്ടുകെട്ടാമെന്നും മന്ത്രാലയം വ്യക്തമാക്കി. റോഡുകളിൽ വാഹനം മറികടക്കുമ്പോൾ കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന പ്രവർത്തികളിൽ നിന്ന് ഡ്രൈവർമാർ വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം നിയമലംഘനങ്ങൾ റോഡിലെ സുഗമമായ ഗതാഗതത്തെ ബാധിക്കുകയും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാവുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, ഓഗസ്റ്റ് 16 മുതൽ 22 വരെയുള്ള കാലയളവിൽ എമർജൻസി പോലീസ് നടത്തിയ വ്യാപക പരിശോധനകളിൽ വിവിധ കേസുകളിൽ പിടിയിലായവരുടെ കണക്കുകൾ പുറത്തുവിട്ടു. ഈ കാലയളവിൽ പിടിയിലായ 162 പിടികിട്ടാപ്പുള്ളികളെയും 86 ഇഖാമ നിയമലംഘകരെയും അധികൃതർ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്ന അഞ്ചുപേരെ ഡ്രഗ് കൺട്രോൾ വിഭാഗത്തിനും, അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ ഏഴുപേരെ ഉപരി പഠനങ്ങൾക്കും നടപടികൾക്കുമായി ബന്ധപ്പെട്ട വകുപ്പുകൾക്കും കൈമാറി. പരിശോധനയിൽ പിടികിട്ടാപ്പുള്ളികളുടെ 10 വാഹനങ്ങൾ പിടിച്ചെടുക്കുകയും, 1,932 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും, 51 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.



