കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കും വെബ്സൈറ്റുകൾക്കുമെതിരെ വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗതാഗത പിഴകൾ ഉടനടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എത്തുന്ന ഇത്തരം സന്ദേശങ്ങൾ ഓൺലൈൻ തട്ടിപ്പിന്റെ ഭാഗമാണെന്നും അപരിചിതമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിലോ വെബ്സൈറ്റുകളിലോ പ്രവേശിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ക്യാമറയിൽ വേഗപ്പൂട്ട് ലംഘനം പതിഞ്ഞിട്ടുണ്ടെന്നും 48 മണിക്കൂറിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ കൂടുതൽ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നുമാണ് തട്ടിപ്പുകാർ പ്രധാനമായും അയക്കുന്ന സന്ദേശങ്ങളിൽ പറയുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പണം അടച്ചില്ലെങ്കിൽ നിയമനടപടികൾ, കനത്ത പിഴ, ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ, വാഹനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ തടയൽ തുടങ്ങിയ കർശന നടപടികൾ ഉണ്ടാകുമെന്ന വ്യാജ ഭീഷണികളും ഇവർ ഉയർത്തുന്നുണ്ട്.
എന്നാൽ ഇത്തരം സന്ദേശങ്ങളും വെബ്സൈറ്റുകളും ഔദ്യോഗികമല്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം, ഗതാഗത പിഴകൾ പരിശോധിക്കുന്നതിനും പണമടയ്ക്കുന്നതിനും സർക്കാരിന്റെ അംഗീകൃത ഔദ്യോഗിക പോർട്ടലുകളെയും ആപ്പുകളെയും മാത്രം ആശ്രയിക്കാൻ നിർദ്ദേശിച്ചു. സംശയാസ്പദമായ ലിങ്കുകളിലൂടെയോ അനൗദ്യോഗിക വെബ്സൈറ്റുകളിലൂടെയോ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ പങ്കുവെക്കരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.



