കുവൈത്ത് സിറ്റി: കുവൈത്തിലെ ജയിലിൽ തടവുകാർ തമ്മിലുണ്ടായ അടിപിടിയിൽ തടവുകാരന് ഗുരുതര പരിക്ക്. സുലൈബിയ മേഖലയിലെ കറക്ഷണൽ ഫെസിലിറ്റിയിലെ ഒരു വിഭാഗത്തിനുള്ളിൽ വെച്ച് കുവൈത്തി സ്വദേശിയും ബംഗ്ലാദേശ് സ്വദേശിയുമായ രണ്ട് തടവുകാർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും പിടിച്ച് മാറ്റുകയായിരുന്നു. അടിപിടിയിൽ പരിക്കേറ്റ ബംഗ്ലാദേശി തടവുകാരനെ ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ഇയാളുടെ മൂക്കിന്റെ പാലത്തിന് ഒടിവ് സംഭവിച്ചതായി സ്ഥിരീകരിച്ചത്. സംഭവത്തിൽ പരാതി നൽകാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്ന് സുലൈബിയ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.



