കുവൈറ്റ് സിറ്റി: കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ സാമ്പത്തിക സഹായങ്ങളും തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സ്വർണ്ണം, രത്നങ്ങൾ, വിലയേറിയ ലോഹങ്ങൾ എന്നിവയുടെ കച്ചവടത്തിലേർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കും റിയൽ എസ്റ്റേറ്റ് ഇടനിലക്കാർക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് സംബന്ധിച്ച 2026-ലെ 172, 173 മന്ത്രിതല ഉത്തരവുകൾ വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബോദി പുറപ്പെടുവിച്ചു.
നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള മേഖലകളുടെ ഉത്തരവാദിത്തങ്ങൾ നിർവ്വചിക്കുന്നതിനുമാണ് ഈ തീരുമാനങ്ങളെന്ന് വാണിജ്യ മന്ത്രാലയം വാർത്താ ഏജൻസിയായ കുനയോട് വ്യക്തമാക്കി. പുതിയ 172-ാം നമ്പർ ഉത്തരവ് പ്രകാരം, സ്വർണ്ണ-വിലപിടിപ്പുള്ള ലോഹ കച്ചവട മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ബിസിനസ്സിന്റെ വലുപ്പത്തിനും സ്വഭാവത്തിനും നേരിടുന്ന സാമ്പത്തിക അപകടസാധ്യതകൾക്കും അനുയോജ്യമായ രീതിയിലുള്ള ആന്തരിക നിയന്ത്രണ സംവിധാനങ്ങളും നയങ്ങളും അടിയന്തിരമായി രൂപീകരിക്കേണ്ടതുണ്ട്.



