കുവൈത്ത്സിറ്റി: ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2026-ലെ ആഗോള സമൃദ്ധി സൂചികയിൽ അറബ്-ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാം സ്ഥാനത്തെത്തി. ലോകത്തിലെ 161 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ആഗോളതലത്തിൽ 50-ാം സ്ഥാനത്താണ് കുവൈത്ത്.
കേവലം ജി.ഡി.പി അല്ലെങ്കിൽ സാമ്പത്തിക വളർച്ച മാത്രം മാനദണ്ഡമാക്കാതെ വികസനം, വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക അന്തരീക്ഷം എന്നിവയെ ഏകോപിപ്പിച്ചാണ് പുതിയ സൂചിക തയ്യാറാക്കിയിരിക്കുന്നത്. 2023-ന് ശേഷം പുതിയ രീതിശാസ്ത്രം (Methodology) ഉപയോഗിച്ച് പുനഃക്രമീകരിച്ച് പുറത്തിറക്കിയ ആദ്യ പതിപ്പാണിത്. ‘P-averaging’ എന്ന പുതിയ ഗണിതശാസ്ത്ര രീതി ഉപയോഗിച്ചതിനാൽ, ഒരു മേഖലയിലെ കടുത്ത വീഴ്ച മറച്ചുവെക്കാൻ മറ്റൊരു മേഖലയിലെ ഉയർന്ന പ്രകടനം കൊണ്ട് സാധിക്കില്ല.
വിവിധ മേഖലകളിൽ കുവൈത്തിന്റെ ആഗോള റാങ്കിംഗ്:
ജീവിതനിലവാരം: 22
ആരോഗ്യം: 37
സാമ്പത്തിക സ്വാതന്ത്ര്യം : 21
വികസനം : 42
വ്യക്തിസ്വാതന്ത്ര്യം: 59
സിവിൽ സമാധാനം : 62
സാമൂഹിക ഭദ്രത : 70
വിദ്യാഭ്യാസം : 105
മറ്റ് ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ കുവൈത്തിന് തൊട്ടുപിന്നിലായി 51-ാം സ്ഥാനത്തുണ്ട്. വികസനത്തിൽ 13-ാം സ്ഥാനവും ജീവിതനിലവാരത്തിൽ 11-ാം സ്ഥാനവും നേടിയെങ്കിലും, സ്വാതന്ത്ര്യം (90), സമൂഹം (51) എന്നീ മേഖലകളിലെ വ്യത്യാസമാണ് റാങ്കിംഗിൽ പ്രതിഫലിച്ചത്. സമഗ്രമായ വികസനം ഉണ്ടെങ്കിൽ മാത്രമേ ഉയർന്ന റാങ്ക് നേടാനാകൂ എന്ന് ഈ ഫലം വ്യക്തമാക്കുന്നു.



