കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് വ്യത്യസ്ത മയക്കുമരുന്ന് കേസുകളിലായി നാല് പേരെ അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ, കസ്റ്റംസ് അധികൃതരുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആദ്യ കേസിൽ, കര അതിർത്തി വഴി മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് പേരെയാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനിടെ രണ്ട് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് മൂന്നാമതൊരാൾക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന് ഇവർ സമ്മതിച്ചതായും തുടർന്ന് മൂന്നാമനെയും അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. വിദേശത്തുള്ള ഒരാളുമായി ഇവർ ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.ഈ കേസിൽ 90 A4 ഷീറ്റുകളിലാക്കിയ മയക്കുമരുന്ന്, 10 ആംപ്യൂൾ രാസവസ്തുക്കൾ, 30 ഗ്രാം ക്രിസ്റ്റൽ മെത്ത്, 300 ക്യാപ്റ്റഗൺ ഗുളികകൾ, 150 ഗ്രാം കൊക്കെയ്ൻ, 10 ഗ്രാം ഹാഷിഷ്, കൃത്യതയുള്ള തൂക്ക ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
മറ്റൊരു കേസിൽ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ ഇന്റർനാഷണൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നാലാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 150 A4 ഷീറ്റുകളിലാക്കിയ മയക്കുമരുന്നും തൂക്ക ഉപകരണവും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. മയക്കുമരുന്ന് വിൽപ്പനയ്ക്കും വ്യക്തിപരമായ ഉപയോഗത്തിനുമായി കൈവശം വെച്ചതായാണ് ആരോപണം.അറസ്റ്റിലായ നാലുപേരെയും പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു



