വലിയ ശ്രദ്ധനേടി ബെയ്ജിങ്ങിൽ നടക്കുന്ന CIFTIS (ചൈന ഇന്റർനാഷണൽ ഫെയർ ഫോർ ട്രേഡ് ഇൻ സർവീസസ്) പ്രദർശിപ്പിച്ച ചൈനയുടെ ബി.ജി-5 ഗോൾഡൻ ഡ്രാഗൺ ഫിഷ് അണ്ടർവാട്ടർ റോബോട്ട്. ജലത്തിനടിയിലൂടെ സ്വയം സഞ്ചരിക്കാൻ കഴിയുന്ന മത്സ്യത്തിന്റെ രൂപത്തിലുള്ള റോബോട്ടാണിത്. മനുഷ്യർ നിശ്ചയിച്ച പാതയിലൂടെയല്ല ഈ റോബോട്ട് സഞ്ചരിക്കുന്നത്. തടസ്സങ്ങൾ ഒഴിവാക്കി മുന്നേറാൻ കഴിയുംവിധം സഞ്ചാരപാത സ്വയം ആസൂത്രണം ചെയ്യും. ദൗത്യങ്ങൾ മറ്റ് അണ്ടർവാട്ടർ റോബോട്ടുകൾക്ക് വിഭജിച്ച് നൽകാനും ഒന്നിലധികം റോബോട്ടുകളുമായി സഹകരിച്ച് പ്രവർത്തിക്കാനും കഴിവുകളുള്ള ‘ബി.ജി-5വി’ എന്ന വകഭേദവുമുണ്ട്.
സമുദ്രത്തിനടിയിലെ നിരീക്ഷണത്തിനും ചാരവൃത്തിക്കും ഉപയോഗിക്കാൻ സാധിക്കുന്ന നൂതന റോബോട്ടിക് സംവിധാനങ്ങളുടെ ചൈനയിൽ നടക്കുന്ന അതിവേഗ മുന്നേറ്റമാണ് ഇത് വ്യക്തമാക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ചൈനയിലെ ബോയാഗോങ്ദാവോ മറൈൻ ടെക്‌നോളജി ഗ്രൂപ്പ് വികസിപ്പിച്ചെടുത്തതാണ് ബി.ജി-5 ഗോൾഡൻ ഡ്രാഗൺ ഫിഷ്. ജീവനുള്ള മത്സ്യം നീന്തുന്നതുപോലെ തോന്നിക്കുന്നതിനായി ഇതിൽ ഇതിൽ പല ജോയിന്റുകളുള്ള വാലടക്കം ഉപയോഗിച്ചിട്ടുണ്ട്.
റോബോട്ട് മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലൂടെയല്ല നീന്തുന്നത്. ഇതിലെ സെൻസറുകൾ തടസ്സങ്ങൾ തിരിച്ചറിഞ്ഞ് സ്വന്തമായി സഞ്ചാരപാത നിശ്ചയിക്കും. റോബോട്ടിന് 3 കിലോഗ്രാം ഭാരമുണ്ടെന്നും, ഇതിന്റെ മൂന്ന് ജോയിന്റുകളുള്ള വാലിനെ ഏഴ് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. പരമാവധി 5 മീറ്റർ ആഴത്തിൽ ഇതിന് പ്രവർത്തിക്കാൻ കഴിയും. പരമാവധി വേഗത സെക്കൻഡിൽ 0.6 മീറ്ററാണ്. പരമ്പരാഗത പ്രൊപ്പല്ലറുകൾക്ക് പകരം വാലിലെ ഒന്നിലധികം ജോയിന്റുകളുടെ തരംഗ ചലനത്തിലൂടെയാണ് ഇത് മുന്നോട്ട് നീങ്ങുന്നത്.



