ഇന്ത്യൻ ഇലക്ട്രിക് സ്‍കൂട്ടർ വിപണിയിൽ പുതിയ മോഡലുമായി ഹോണ്ട. ഹോണ്ട 2 വീലേഴ്സ് ഇന്ത്യയുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്‍കൂട്ടറായ ക്യുസി3 ആണ് വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ തന്നെ നിർമിച്ചിരിക്കുന്ന ക്യുസി3യുടെ ഡൽഹി എക്സ്-ഷോറൂം വില 1.35 ലക്ഷം രൂപയാണ്. ആതർ റിസ്‍ത, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ബി ഗാസ് സി12 മാക്സ് ആർ തുടങ്ങിയ ഇലക്ട്രിക് സ്‍കൂട്ടറുകളുമായാണ് പുതിയ ഹോണ്ട ക്യുസി3 മത്സരിക്കുക. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 5,000 രൂപ ടോക്കൺ തുക നൽകി ഹോണ്ടയുടെ അംഗീകൃത റെഡ്‌വിംഗ് ഡീലർഷിപ്പുകളിൽ സ്‍കൂട്ടർ ബുക്ക് ചെയ്യാം.
145 കിലോമീറ്റർ റേഞ്ച്
വർട്രെയിനിലേക്ക് വരുമ്പോൾ മൂന്ന് കിലോവാട്ട് മണിക്കൂർ ബാറ്ററി പായ്ക്കാണ് ഹോണ്ട ക്യുസി3യിൽ നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 145 കിലോമീറ്റർ വരെ ഐഡിസി അഥവാ ഇന്ത്യൻ ഡ്രൈവിംഗ് കണ്ടീഷൻ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ബാറ്ററി 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 2 മണിക്കൂർ 40 മിനിറ്റ് സമയം വേണ്ടിവരും. കുടുംബ ഉപയോഗം ലക്ഷ്യമിട്ടാണ് പുതിയ ഇലക്ട്രിക് സ്‍കൂട്ടർ ഹോണ്ട ഒരുക്കിയിരിക്കുന്നത്.
സസ്പെൻഷനും ബ്രേക്കും
മുൻവശത്ത് പരമ്പരാഗത ടെലിസ്കോപിക് ഫോർക്കാണ് സസ്പെൻഷനായി നൽകിയിരിക്കുന്നത്. പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ചുമതലകൾ മുൻവശത്തെ ഡിസ്‍ക് ബ്രേക്കും പിന്നിലെ ഡ്രം ബ്രേക്കും നിർവഹിക്കും. ഇവയ്ക്കൊപ്പം സിബിഎസ് അഥവാ കമ്പൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും ലഭിക്കും. മുൻവശത്തും പിൻവശത്തും 12 ഇഞ്ച് അലോയ് വീലുകളിലാണ് ഹോണ്ട ക്യുസി3 സഞ്ചരിക്കുന്നത്.



