കുവൈറ്റ് സിറ്റി: അൽ-വഫ്ര കാർഷിക മേഖലയിൽ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും പൊലീസ് പട്രോളിംഗ് തടസ്സപ്പെടുത്തുകയും ചെയ്ത രണ്ട് പേരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു. നമ്പറും ലൈസൻസുമില്ലാതെ വൻ ശബ്ദത്തോടെ പായുകയായിരുന്ന വാഹനത്തെയും, ഇതിനെ പിന്തുടരാൻ ശ്രമിച്ച പൊലീസ് പട്രോളിംഗ് സംഘത്തിന്റെ വഴി തടസ്സപ്പെടുത്തിയ മറ്റൊരു വാഹനത്തെയും പറ്റി നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
പ്രതികളിലൊരാൾ അഭ്യാസപ്രകടനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ കേസെടുക്കുകയും, ആവശ്യമായ നിയമനടപടികൾക്ക് ശേഷം പ്രതികളെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വഴിതടസ്സപ്പെടുത്തൽ, റോഡ് സുരക്ഷ അപായപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. റോഡുകളിൽ ഇത്തരം അനധികൃത അഭ്യാസങ്ങൾ നടത്തുന്നവർക്കെതിരെ കശന നടപടിയുണ്ടാകുമെന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.



