കോൺഗ്രസ് പാർട്ടിയുടെ പേരിൽ കുവൈത്തിൽ നടക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾക്ക് എതിരെ കെ പി സി സി സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നൽകി. “പ്രസ്ഥാനത്തിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചിലർ നടത്തുന്ന സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടതിനാലാണ്” ഇടപെടൽ എന്ന് ഇത് സംബന്ധിച്ച് കെ പി സി സി സംസ്ഥാന ഭാരവാഹി നെയ്യാറ്റിൻകര സനൽ പുറപ്പെടുവിച്ച വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
“കെ.പി.സി.സിയുടെ പൂർണഅംഗീകാരത്തോടെ കുവൈത്തിൽ പ്രവർത്തിക്കുന്ന ഏക ഔദ്യോഗിക സംഘടന ഒ.ഐ.സി.സി കുവൈത്ത് ആണ്. ഒ.ഐ.സി.സി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോൾ “ഇൻകാസ് കുവൈത്ത് ‘ എന്ന പേരിൽ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ചിലർ നടത്തുന്ന വിമത പ്രവർത്തനങ്ങളെ സംഘടന ഗൗരവമായി കാണുന്നു. നാട്ടിലെ പ്രമുഖ നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് ആശംസാസന്ദേശങ്ങൾ ശേഖരിച്ച് പ്രചരിപ്പി ക്കുന്നതും അംഗീകാരമില്ലാത്ത ഈ കൂട്ടായ്‌മയുടെ പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നതും പൂർണമായും ഒഴിവാക്കേണ്ടതാണ്.
പാർട്ടി ആശയങ്ങ ളോട് ആത്മാർത്ഥത പുലർത്തുന്ന സാധാരണക്കാരായ പ്രവർത്തകർ ഇത്തരം വിമത പ്രവർത്തനങ്ങളിൽ പെട്ടുപോകരുതെന്നും ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുവാൻ എല്ലാ പാർട്ടി പ്രവർത്തകരും പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും” വാർത്ത കുറിപ്പിൽ അറിയിച്ചു.



