കുവൈത്തിൽ നടിയുടെ ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് ഒരു നടനെയും നടിയെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് ഇരുവരെയും അപമര്യാദയായ സാഹചര്യത്തിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
തുടർന്ന് പബ്ലിക് മൊറാലിറ്റി വിഭാഗം ഇരുവരെയും കസ്റ്റഡിയിലെടുത്തു.കേസ് പിൻവലിക്കുന്നതിനായി പരാതിക്കാരനായ ഭർത്താവിന് വലിയ തുക വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. എന്നാൽ പണം സ്വീകരിക്കാനും പരാതി പിൻവലിക്കാനും ഭർത്താവ് വിസമ്മതിക്കുകയും നിയമനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയും ചെയ്തു.
കേസ് നിലവിൽ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലാണ്. ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നിയമനടപടികൾ തീരുമാനിക്കുമെന്നാണ് വിവരം.കുട്ടികളുടെ മാന്യതയും സ്വകാര്യതയും സംരക്ഷിക്കുന്നതിനായി കേസിൽ ഉൾപ്പെട്ട നടന്റെയും നടിയുടെയും പേരുകൾ പുറത്തുവിട്ടിട്ടില്ല. ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്.



