കുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബ ഭദ്രതയും സുരക്ഷിതത്വവും കൂടുതൽ ശക്തമാക്കുന്നതിനായി രണ്ട് സുപ്രധാന നിയമഭേദഗതികൾക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഡോക്യുമെന്റേഷനുമായി ബന്ധപ്പെട്ട 2020-ലെ പത്താം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകളും, 1980-ലെ സിവിൽ നിയമത്തിലെ ആർട്ടിക്കിൾ 830-ലെ വകുപ്പുകളും ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് ഉത്തരവുകൾ അംഗീകരിച്ചത്.
നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും, ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനും, നിലവിലെ നിയമസാധുതകൾ നിലനിർത്തിക്കൊണ്ടുതന്നെ ഔദ്യോഗിക രേഖകൾ ആധുനികവൽക്കരിക്കുന്നതിനുമാണ് ഡോക്യുമെന്റേഷൻ നിയമത്തിലെ ഭേദഗതി പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മന്ത്രിസഭാ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ഡോക്യുമെന്റേഷൻ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ രണ്ട് പ്രധാന തലങ്ങളിലാണ് പുതിയ ഭേദഗതി വഴി പരിഷ്കരിക്കുന്നത്. ഇതിൽ ഒന്നാമതായി, കമ്പനി രേഖകളുടെ രജിസ്ട്രേഷൻ ചുമതലയിൽ നിന്ന് സർക്കാർ നോട്ടറിയെ ഒഴിവാക്കി ആ അധികാരം വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലെ വാണിജ്യ രജിസ്ട്രേഷൻ വിഭാഗത്തിന് കൈമാറും.
രണ്ടാമതായി, വിവാഹം, വിവാഹമോചനം, ദാമ്പത്യ പുനരേകീകരണം തുടങ്ങിയ വ്യക്തിനിയമപരമായ കാര്യങ്ങളുടെ രജിസ്ട്രേഷൻ കൂടുതൽ കർശനവും ശാസ്ത്രീയവുമാക്കും. വിവാഹത്തിന് മുൻപുള്ള കൗൺസിലിങ്ങും പരിശീലനവും (പ്രീമാരിറ്റൽ ട്രെയിനിങ്), വേർപിരിയലുകൾക്ക് മുൻപുള്ള അനുരഞ്ജന ശ്രമങ്ങളും നിർബന്ധമാക്കിക്കൊണ്ട് തർക്കങ്ങൾ പരമാവധി ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം സാങ്കേതിക മുന്നേറ്റങ്ങൾക്ക് അനുസൃതമായി ഓൺലൈൻ വഴിയുള്ള റിമോട്ട് ഡോക്യുമെന്റേഷനും ജുഡീഷ്യൽ രേഖകളുടെ പൂർണ്ണ ഡിജിറ്റൽ ഏകോപനവും നിയമത്തിലൂടെ നടപ്പിലാക്കും.
പുതിയ കരട് നിയമത്തിലെ ഏറ്റവും നിർണായകമായ വ്യവസ്ഥ പ്രകാരം, വധൂവരന്മാർ നിർദ്ദിഷ്ട പ്രീമാരിറ്റൽ ട്രെയിനിങ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കാതെ വിവാഹ കരാർ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. ഈ പരിശീലന പരിപാടിയുടെ കാലാവധി, സിലബസ്, വിജയകരമായ പൂർത്തീകരണത്തിനുള്ള മാനദണ്ഡങ്ങൾ, ഇത് നടപ്പിലാക്കേണ്ട ചുമതലപ്പെട്ട ഏജൻസി എന്നിവ സംബന്ധിച്ച് നീതിന്യായ മന്ത്രി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.



