കുവൈറ്റ് സിറ്റി : കുവൈത്തിലെ ബാങ്കുകൾ വ്യക്തികൾക്കായി നൽകിവരുന്ന ഇലക്ട്രോണിക് ‘പേയ്മെന്റ് ലിങ്ക്’ സേവനം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നിർദേശപ്രകാരം KNET-ുമായി സഹകരിച്ചാണ് ബാങ്കുകൾ ഇതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.2015 മുതൽ കുവൈത്തിൽ ഉപയോഗത്തിലുള്ള പേയ്മെന്റ് ലിങ്ക് സേവനം ഉടൻ നിർത്തലാക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ സേവനം അവസാനിപ്പിക്കുന്നതിനുള്ള കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.പകരമായി കുവൈത്തിലെ ഇൻസ്റ്റന്റ് പേയ്മെന്റ് സംവിധാനമായ ‘WAMD’ കൂടുതൽ വ്യാപകമായി ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും. 2024 ജൂണിലാണ് WAMD സേവനം ആരംഭിച്ചത്.
പേയ്മെന്റ് ലിങ്കുകൾ പലർക്കും പരസ്പരം പങ്കുവയ്ക്കാൻ കഴിയുന്നതിനാൽ യഥാർത്ഥ ഗുണഭോക്താവിനെ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകാമെന്നും, ഇത് സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾക്കും കള്ളപ്പണം വെളുപ്പിക്കലിനും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.കൂടുതൽ സുരക്ഷിതവും സുതാര്യവുമായ പണമിടപാടുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് WAMD സംവിധാനത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ മാറ്റത്തെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാൻ ബാങ്കുകളും KNET-ഉം ബോധവത്കരണ ക്യാമ്പയിനുകൾ നടത്താനും തയ്യാറെടുക്കുകയാണ്.



