കുവൈത്ത് സിറ്റി: സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിനുമായി കുവൈത്ത് തീരങ്ങളിൽ കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കുന്ന ‘വി പ്ലാന്റ് ഇറ്റ് ആൻഡ് പ്രൊട്ടക്റ്റ് ഇറ്റ്’ സന്നദ്ധ സംഘത്തിന്റെ പരിസ്ഥിതി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. തുടർച്ചയായ രണ്ടാം സീസണിലും പദ്ധതിയുമായി മുന്നോട്ട് പോകുന്ന സംഘം, കുവൈത്തിന്റെ വിവിധ തീരങ്ങളിലായി 5,000 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യ സീസണിൽ പൊതു അതോറിറ്റി ഫോർ എൻവയോൺമെന്റ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഏജൻസികളുടെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെ 5,000 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചിരുന്നുവെന്നും, അതിന്റെ തുടർച്ചയായാണ് പുതിയ പദ്ധതിയെന്നും ടീം ലീഡർ മുനീഫ് സലേം അൽ-ദവി വ്യക്തമാക്കി.
രണ്ടാം സീസണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി രാജ്യത്തിന് പുറത്തുനിന്നും കണ്ടൽ വിത്തുകൾ എത്തിച്ചിട്ടുണ്ടെന്ന് അൽ-ദവി കൂട്ടിച്ചേർത്തു. തീരദേശ സസ്യമായ കണ്ടൽച്ചെടികൾ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ സമുദ്ര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും ജൈവവൈവിധ്യം മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീരദേശ ആവാസവ്യവസ്ഥയിൽ കണ്ടൽച്ചെടികൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും നിരവധി ജീവികളുടെ സ്വാഭാവിക ആവാസകേന്ദ്രമാണ് ഇവയെന്നും അദ്ദേഹം വിശദീകരിച്ചു. അന്തരീക്ഷത്തിലെ കാർബൺ ആഗിരണം ചെയ്ത് സൂക്ഷിക്കുന്നതിലും ഈ സസ്യങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. കുവൈത്ത് തീരങ്ങളിൽ ഈ പ്രകൃതിദത്ത സംവിധാനങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.



