കുവൈത്ത്സിറ്റി: നിരോധിക്കപ്പെട്ട സ്ഥലങ്ങളിലും നടപ്പാതകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് അവയർനസ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കർണൽ അബ്ദുല്ല ബൗഹസ്സൻ അറിയിച്ചു. റോഡരികുകളിൽ പ്രത്യേക അടയാളപ്പെടുത്തലുകൾ ഇല്ലെങ്കിലും അവിടെ പാർക്കിംഗ് അനുവദനീയമാണെന്ന് കരുതരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൃത്യമായി നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ എന്നും, അല്ലാത്തപക്ഷം വാഹനങ്ങൾ കണ്ടുകെട്ടുകയോ വീൽ ക്ലാമ്പ് ചെയ്യുകയോ ചെയ്യും.
നടപ്പാതകളിൽ വാഹനങ്ങൾ ഓടിക്കുന്നതും അനധികൃതമായി പാർക്ക് ചെയ്യുന്നതും ഗതാഗത തടസ്സങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. റോഡ് അറ്റകുറ്റപ്പണികളും കവലകളിൽ നിയമങ്ങൾ പാലിക്കാതെയുള്ള ഓവർടേക്കിംഗും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘സഹേൽ’ ആപ്പ് വഴി വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനം മറ്റൊരാൾക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകാൻ സൗകര്യമുണ്ടെന്നും ലെഫ്റ്റനന്റ് കർണൽ ബൗഹസ്സൻ വ്യക്തമാക്കി. അനുമതി നൽകിയിട്ടുള്ള കാലയളവിൽ ആ വ്യക്തി വരുത്തുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ ഉത്തരവാദിത്തം വാഹന ഉടമയ്ക്കായിരിക്കും. റോഡ് നിയമങ്ങളെക്കുറിച്ചും മറ്റ് യാത്രക്കാരുടെ അവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മാതാപിതാക്കൾ കുട്ടികളെയും ഗാർഹിക ഡ്രൈവർമാരെയും ബോധവൽക്കരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.



