കുവൈത്ത്സിറ്റി: അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ മേൽ ട്രാഫിക് വകുപ്പ് സ്ഥാപിക്കുന്ന വീൽ ലോക്കുകൾ (ബ്രേക്കുകൾ) പരിശോധിക്കാതെ വാഹനങ്ങൾ എടുക്കരുതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ട്രാഫിക് അവയർനസ് ഡിപ്പാർട്ട്മെന്റ് മേധാവി മേജർ മുസൈദ് അൽ-അസ്ലവി മുന്നറിയിപ്പ് നൽകി. വാഹനം മുന്നോട്ട് എടുക്കുന്നതിന് മുൻപ് ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് വിഭാഗത്തിന്റെ സ്റ്റിക്കറുകളോ വീൽ ലോക്കോ ഇല്ലെന്ന് ഉറപ്പുവരുത്തണം.
അല്ലാത്തപക്ഷം വാഹനം എടുത്തുമാറ്റുമ്പോൾ വാഹനത്തിന്റെ ഫ്രെയ്മിനും ബ്രേക്കിനും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.നിയമം ലംഘിച്ച് വീൽ ലോക്ക് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളുടെ ഉടമകൾ ‘സഹേൽ’ ആപ്പ് വഴിയോ അല്ലെങ്കിൽ അടുത്തുള്ള ട്രാഫിക് വകുപ്പ് ഓഫീസ് സന്ദർശിച്ചോ പിഴ ഒടുക്കേണ്ടതാണ്. പിഴയടച്ച രസീത് വാഹനത്തിന്റെ വിൻഷീൽഡിൽ വെച്ച ശേഷം, അതിന്റെ ഫോട്ടോ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ വാട്സാപ്പ് നമ്പറായ (99324092)യിലേക്ക് അയച്ചുകൊടുക്കണം. തുടർന്ന് ഉദ്യോഗസ്ഥരെത്തി വാഹനം പരിശോധിച്ച് വീൽ ലോക്ക് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കൂടാതെ, നിയമലംഘനം നടത്തുന്ന ഡെലിവറി കമ്പനികളുടെ വാഹനങ്ങൾക്കും മോട്ടോർസൈക്കിളുകൾക്കും എതിരെയുള്ള കർശന പരിശോധനകൾ വരുന്ന ഞായറാഴ്ച മുതൽ ആരംഭിക്കുമെന്നും മേജർ അൽ-അസ്ലവി കൂട്ടിച്ചേർത്തു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്.



