കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും ഇന്ധനവും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കുവൈത്ത് സർക്കാർ ശക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതികളും മുൻകരുതൽ നടപടികളും വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.ബുധനാഴ്ച നടന്ന യോഗത്തിൽ രാജ്യത്തെ അവശ്യവസ്തുക്കളുടെ വിതരണശൃംഖല ശക്തിപ്പെടുത്തുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ഊർജവിതരണം തടസ്സമില്ലാതെ തുടരുക തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.
പ്രാദേശിക സാഹചര്യങ്ങളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ കണക്കിലെടുത്ത് ചരക്കുഗതാഗതത്തിനും കയറ്റുമതിക്കും ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള പദ്ധതികളും യോഗം വിലയിരുത്തി.അടിയന്തര സാഹചര്യങ്ങളിലും രാജ്യത്തേക്കുള്ള അവശ്യസാധനങ്ങളുടെ വരവ് തടസ്സപ്പെടാതിരിക്കാൻ ഗതാഗത, വിതരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും ചർച്ചയായി.രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഇറക്കുമതി, കയറ്റുമതി മാർഗങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള തന്ത്രപരമായ നടപടികൾക്കും യോഗം പ്രാധാന്യം നൽകി.
പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷ്ആൻ, വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹ്മദ് അൽ സബാഹ്, സാമ്പത്തികകാര്യ-നിക്ഷേപ സഹമന്ത്രി അബ്ദുൽ അസീസ് അൽ മർസൂഖ് എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ ഉന്നത പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.രാജ്യത്തെ ഭക്ഷ്യസുരക്ഷയും അവശ്യസാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിനൊപ്പം ഏത് സാഹചര്യത്തിലും വിതരണശൃംഖലയുടെ പ്രവർത്തനം നിലനിർത്തുന്നതിനുള്ള തയ്യാറെടുപ്പുകളാണ് സർക്കാർ വിലയിരുത്തിയത്.



