കുവൈത്ത്സിറ്റി: കുവൈത്തിൽ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ട്രാഫിക് പൊലീസ്. ഹവല്ലി ഗവർണറേറ്റിലാണ് നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതിനൊപ്പം ടയറുകളിൽ വീൽ ലോക്ക് ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചത്.
പ്രധാന റോഡുകളിലും ഉൾറോഡുകളിലും ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കാണ് വീൽ ലോക്ക് ഘടിപ്പിക്കുന്നത്.ഇത്തരം വാഹനങ്ങളിൽ മുന്നറിയിപ്പ് നോട്ടീസുകളും പതിപ്പിക്കുന്നുണ്ട്. വീൽ ലോക്ക് നീക്കം ചെയ്യുന്നതിനായി വാഹന ഉടമകൾ ഹവല്ലി ഗവർണറേറ്റിലെ ട്രാഫിക് പട്രോൾ വിഭാഗത്തെ സമീപിക്കണം.
ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടയ്ക്കുകയും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തശേഷം മാത്രമേ വീൽ ലോക്ക് നീക്കം ചെയ്യുകയുള്ളൂ.വീൽ ലോക്കിൽ സ്വയം മാറ്റം വരുത്താനോ ബലമായി നീക്കം ചെയ്യാനോ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.പ്രത്യേകിച്ച് സ്കൂളുകളിലേക്കും സർക്കാർ സ്ഥാപനങ്ങളിലേക്കുമുള്ള റോഡുകളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന അനധികൃത പാർക്കിങ് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.ഗതാഗതം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുമാണ് നടപടി ശക്തമാക്കിയിരിക്കുന്നത്.



