കുവൈത്ത് സിറ്റി: രാജ്യത്ത് പൊതുഗതാഗത വാഹനങ്ങൾ കേന്ദ്രീകരിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ ശക്തമായ സുരക്ഷാ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ പിടികൂടി. ജി.ടി.ഡി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ റാഷിദ് ഹമ്മൂദ്, ട്രാഫിക് റെഗുലേഷൻ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ അയൂബ് അൽ-അയൂബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.പരിശോധനയിൽ 338 ഗതാഗത ലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തി.
അനുമതിയില്ലാതെ വാഹനം യാത്രകൾക്കായി ഉപയോഗിച്ചതിന് 26 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ 27 വാഹനങ്ങൾ കണ്ടുകെട്ടുകയും, നിയമം ലംഘിച്ച 27 പേരെ ട്രാഫിക് പോലീസിന് കൈമാറുകയും ചെയ്തു. കുറ്റക്കാരായ എല്ലാവർക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. റോഡുകളിൽ സുരക്ഷിതമായ ഒരു ഗതാഗത സാഹചര്യം ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം ഇത്തരം പരിശോധനകൾ ശക്തമായി തുടരുമെന്നും ജി.ടി.ഡി വ്യക്തമാക്കി.



