HomeGULFകുവൈത്തിൽ 1.61 ലക്ഷം ദിനാറിന്റെ ഓൺലൈൻ തട്ടിപ്പ്; രണ്ട് പ്രവാസികൾക്ക് ഏഴ് വർഷം തടവും പിഴയും

കുവൈത്തിൽ 1.61 ലക്ഷം ദിനാറിന്റെ ഓൺലൈൻ തട്ടിപ്പ്; രണ്ട് പ്രവാസികൾക്ക് ഏഴ് വർഷം തടവും പിഴയും

spot_img

കുവൈത്ത്: വ്യാജ സർക്കാർ വെബ്‌സൈറ്റുകളും ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ പേരിലുള്ള വ്യാജ ഓൺലൈൻ സേവനങ്ങളും ഉപയോഗിച്ച് ഏകദേശം 1,61,000 കുവൈത്ത് ദിനാർ തട്ടിയെടുത്ത കേസിൽ രണ്ട് ഈജിപ്ത് പൗരന്മാർക്ക് ഏഴ് വർഷം വീതം തടവുശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി.

പ്രതികൾക്ക് 5,520 ദിനാർ വീതം പിഴയും കോടതി വിധിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കമ്പനികൾക്ക് 50,000 ദിനാർ വീതം പിഴ ചുമത്തി. ഇതോടെ ആകെ പിഴത്തുക 1,11,040 ദിനാറായി. കേസുമായി ബന്ധപ്പെട്ട പണം കണ്ടുകെട്ടാനും വിധി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.

സർക്കാർ സ്ഥാപനങ്ങളുടെയും ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെയും പേരിൽ വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സോഷ്യൽ മീഡിയയിൽ ആകർഷകമായ പരസ്യങ്ങൾ നൽകി ആളുകളെ വ്യാജ വെബ്‌സൈറ്റുകളിലേക്ക് എത്തിക്കുകയായിരുന്നു.

25 ദിനാറിൽ താഴെയുള്ള ചെറിയ തുകകൾ ഓൺലൈൻ ഇടപാടുകളിലൂടെ ഈടാക്കുകയായിരുന്നു തട്ടിപ്പിന്റെ പ്രധാന രീതി. ഇത്തരം ഇടപാടുകൾക്ക് പ്രത്യേക വെരിഫിക്കേഷൻ കോഡ് ആവശ്യമില്ലെന്ന സാഹചര്യം പ്രതികൾ ദുരുപയോഗം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.തട്ടിപ്പിലൂടെ ലഭിച്ച പണം രണ്ട് കമ്പനികളുടെ പേയ്‌മെന്റ് സംവിധാനങ്ങൾ, ക്രിപ്റ്റോകറൻസി പ്ലാറ്റ്‌ഫോമുകൾ, ഈജിപ്തിലെ വിവിധ ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിച്ച് വിദേശത്തേക്ക് മാറ്റിയതായും അന്വേഷണത്തിൽ വ്യക്തമായി.

പരാതി നൽകിയ ചിലർക്ക് പണം തിരികെ നൽകി കമ്പനികൾക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് വരുത്തിത്തീർക്കാനും ശ്രമം നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വ്യാജ ഷിപ്പിംഗ് രേഖകൾ, തെറ്റായ വിലവിവരങ്ങൾ, സാങ്കൽപ്പിക വിലാസങ്ങൾ എന്നിവയും ഇടപാടുകൾ നിയമാനുസൃതമാണെന്ന് തോന്നിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.

അതേസമയം, കേസിൽ പ്രതികളായിരുന്ന ഒരു കുവൈത്ത് പൗരനെയും മറ്റൊരു ഈജിപ്ത് പൗരനെയും കോടതി കുറ്റവിമുക്തരാക്കി.വ്യാജ വെബ്‌സൈറ്റുകളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുമ്പോൾ വെബ്‌സൈറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം ഈ കേസ് വീണ്ടും ഓർമിപ്പിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!