കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ പാസഞ്ചർ ടെർമിനലായ T2 പ്രവർത്തനസജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ പുതിയ ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം വിമാനത്താവളത്തിന്റെ നടത്തിപ്പ്, യാത്രക്കാരുടെ സേവനങ്ങൾ, റോഡ് സൗകര്യങ്ങൾ എന്നിവ സജ്ജീകരിക്കുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ പ്രതിവർഷം 2.5 കോടി യാത്രക്കാരെ സ്വീകരിക്കാൻ ശേഷിയുള്ള പുതിയ ടെർമിനൽ ഭാവിയിൽ അഞ്ച് കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന രീതിയിൽ വികസിപ്പിക്കാനാകും.ഏകദേശം ഏഴ് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്. നിലവിലെ വിമാനത്താവളത്തിന്റെ തെക്കുഭാഗത്ത് രണ്ട് റൺവേകൾക്കിടയിലാണ് T2 സ്ഥിതിചെയ്യുന്നത്.
പുതിയ ടെർമിനലിൽ 180 ചെക്ക് ഇൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 2,930 ബാഗേജുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഭാവിയിൽ ഇത് മണിക്കൂറിൽ 5,390 ബാഗേജുകളായി വർധിപ്പിക്കാനാകും.ബാഗേജുകൾ കൊണ്ടുപോകുന്നതിനായി ഏകദേശം ആറ് കിലോമീറ്റർ നീളത്തിലുള്ള കൺവെയർ ബെൽറ്റ് സംവിധാനവും 1.5 കിലോമീറ്റർ നീളത്തിലുള്ള അതിവേഗ ബാഗേജ് സോർട്ടിങ് സംവിധാനവും പദ്ധതിയുടെ ഭാഗമാണ്.ഒരേസമയം 51 വിമാനങ്ങൾക്ക് ടെർമിനലുമായി ബന്ധിപ്പിച്ച ഗേറ്റുകളിലൂടെ സേവനം നൽകാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് ടെർമിനലിന്റെ രൂപകൽപ്പന. പ്രധാന കേന്ദ്രത്തിൽനിന്ന് ഏറ്റവും അകലെയുള്ള ബോർഡിങ് ഗേറ്റിലേക്കുള്ള ദൂരം 600 മീറ്ററിൽ താഴെയായിരിക്കും. ഇതിലൂടെ യാത്രക്കാർക്ക് വിമാനത്താവളത്തിനുള്ളിലെ യാത്രാസമയം കുറയ്ക്കാനാകും.ടെർമിനലിന്റെ മധ്യഭാഗത്തിന് ഏകദേശം 25 മീറ്റർ ഉയരമുണ്ട്. കുവൈത്തിന്റെ പരമ്പരാഗത പായ്ക്കപ്പലുകളുടെ രൂപകൽപ്പനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കെട്ടിടത്തിന്റെ ചില വാസ്തുവിദ്യാ സവിശേഷതകൾ തയ്യാറാക്കിയിരിക്കുന്നത്.പുതിയ ടെർമിനലിലേക്കുള്ള റോഡുകൾ, ഇന്റർചേഞ്ചുകൾ, വാഹന പാർക്കിങ് സൗകര്യങ്ങൾ, വിമാനങ്ങളുടെ പാർക്കിങ് മേഖലകൾ എന്നിവയുടെ വികസനവും പുരോഗമിക്കുകയാണ്.
വിമാനത്താവളത്തിന്റെ നടത്തിപ്പും വിമാനങ്ങളുടെ ഗ്രൗണ്ട് സർവീസുകളും യാത്രക്കാരുടെ നീക്കവും കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും അധികൃതർ പ്രാധാന്യം നൽകുന്നുണ്ട്.ഊർജ ഉപഭോഗം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ പ്രവർത്തനം ഉറപ്പാക്കുന്നതിനുമായി സൗരോർജ ഉപയോഗം ഉൾപ്പെടെയുള്ള സംവിധാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഗ്രീൻ ബിൽഡിങ് മാനദണ്ഡമായ LEED ഗോൾഡ് അംഗീകാരം നേടാനും ലക്ഷ്യമിടുന്നു.
പുതിയ ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ കുവൈത്തിന്റെ വ്യോമഗതാഗത മേഖലയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ വിമാന സർവീസുകൾ, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, വിനോദസഞ്ചാര വികസനം, വ്യാപാര അവസരങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയ്ക്കും പദ്ധതി സഹായകരമാകും.അതേസമയം, പുതിയ ടെർമിനൽ യാത്രക്കാർക്കായി തുറന്നുകൊടുക്കുന്ന കൃത്യമായ തീയതി സംബന്ധിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.



