കുവൈത്ത് സിറ്റി: ജലീബ് അൽ-ഷുയൂഖ് പ്രദേശത്തെ അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് മുനിസിപ്പാലിറ്റി രംഗത്ത്. നിയമലംഘനങ്ങൾ നടത്തിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. പ്രദേശത്തെ കെട്ടിട നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന വലിയൊരു കാമ്പെയ്‌ന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ 263 വസ്തുവകകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
കെട്ടിട ഉടമകൾ നോട്ടീസുകൾ ലഭിച്ചിട്ടും സ്വമേധയാ നിയമലംഘനങ്ങൾ പരിഹരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഈ നടപടി. ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് അധികൃതർ പൊളിക്കൽ നടപടികളിലേക്ക് കടന്നത്.ഈ കാമ്പെയ്ൻ മൂന്ന് ഘട്ടങ്ങളായി തിരിച്ച് പ്രത്യേക ടൈംടേബിൾ അനുസരിച്ചാണ് നടപ്പിലാക്കുന്നതെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. ആവശ്യമായ administrative, technical നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് തുടർന്നുള്ള ഘട്ടങ്ങളിൽ കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റും.
ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 263 കെട്ടിടങ്ങളുടെ പൊളിക്കൽ നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.രണ്ടാം ഘട്ടത്തിൽ 494 കെട്ടിടങ്ങളാണ് ഉള്ളത്. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതിന് ശേഷം മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഈ കെട്ടിടങ്ങൾക്കായുള്ള പൊളിക്കൽ നടപടികൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.



