കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന ഹൈവേകളിലും ജനവാസ മേഖലകളിലെ ഉൾറോഡുകളിലും സമഗ്രമായ അറ്റകുറ്റപ്പണികൾ ഊർജിതമാക്കി പൊതുമരാമത്ത് മന്ത്രാലയം. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികളുടെ അടിസ്ഥാനത്തിൽ റോഡുകളിൽ പുതിയ അസ്ഫാൽറ്റ് പാകുന്നതിനും നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വിവിധയിടങ്ങളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.സാൽമിയയിലെ അമ്മാൻ സ്ട്രീറ്റും അൽ മുഗീറ ബിൻ ഷുഅ്ബ സ്ട്രീറ്റും സംഗമിക്കുന്ന ജങ്ഷൻ നവംബർ 26 വ്യാഴാഴ്ച അർധരാത്രി മുതൽ നവംബർ 29 ഞായറാഴ്ച പുലർച്ചെ അഞ്ചുമണി വരെ അടച്ചിടും.
ഖുർത്തുബ ബ്ലോക്ക് ഒന്നിലെ മുഹമ്മദ് അൽ ഫുലൈജ് മസ്ജിദിന്റെ വാഹന പാർക്കിങ് ഏരിയ അസ്ഫാൽറ്റ് പാകുന്നതിനായി അടച്ചിട്ടുണ്ട്. ഡിസംബർ ആറിന് പാർക്കിങ് ഏരിയ വീണ്ടും തുറന്നുകൊടുക്കും.ഖുർത്തുബ ബ്ലോക്ക് ഒന്നിലെ സ്ട്രീറ്റ് ഒന്നും ജാദ ഒന്നും മൂന്നും ഉൾപ്പെടുന്ന ഭാഗങ്ങളിൽ അവസാനഘട്ട അസ്ഫാൽറ്റിങ് ജോലികൾ നടക്കുന്നതിനാൽ ഡിസംബർ 26 വരെ ഗതാഗത നിയന്ത്രണം തുടരും.
അതേസമയം, അൽ സുറ മേഖലയിലെ ബ്ലോക്ക് അഞ്ചിലുള്ള സ്ട്രീറ്റ് 12ൽ പഴയ അസ്ഫാൽറ്റ് നീക്കി പുതിയത് പാകുന്നതിനുള്ള പ്രവർത്തനങ്ങൾ ഡിസംബർ നാലു വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കുന്നതിനുമാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. വാഹനമോടിക്കുന്നവർ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ശ്രദ്ധിക്കുകയും ബദൽ റോഡുകൾ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്.



