വൻ പരിഷ്കാരവുമായി യൂട്യൂബിൻറെ ആൻഡ്രോയ്ഡ് ആപ്പ്; ഇനി 4K എച്ച്ഡിആർ വീഡിയോ അസ്വദിക്കാം

  • 21/02/2021


ദില്ലി: യൂട്യൂബ് ആൻഡ്രോയ്ഡ് ആപ്പിൽ ഇപ്പോൾ 4കെ എച്ച്ഡിആർ സപ്പോർട്ട് വീഡിയോകൾ കാണാം. നേരത്തെ ഐഒഎസ് പതിപ്പിൽ ഈ പ്രത്യേകത ലഭ്യമായിരുന്നു. ഇതിൻറെ തുടർച്ചയായി ആൻഡ്രോയ്ഡിലെ യൂട്യൂബ് ഉപയോക്താക്കൾക്കും 4കെ എച്ച്ഡിആർ വീഡിയോകൾ ആസ്വദിക്കാൻ സാധിക്കും. ഇതുവരെ 4കെ വീഡിയോ ആണെങ്കിൽ പോലും ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് കൂടിപ്പോയാൽ 1440 പി റെസല്യൂഷൻ വീഡിയോ മാത്രമേ ആസ്വദിക്കാൻ പറ്റിയിരുന്നുള്ളൂ. ഇതിലാണ് വ്യത്യാസം വരുന്നത്.

മുൻപ് ആൻഡ്രോയ്ഡ് അപ്ഡേറ്റുകൾ റിപ്പോർട്ട് ചെയ്യുന്ന ആൻഡ്രോയ്ഡ് പൊലീസ് ആണ് ഇത്തരത്തിൽ 4കെ എച്ച്ഡിആർ യൂട്യൂബ് ആപ്പിൽ വരുന്ന കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ മിക്ക ആപ്പുകളിലും ഇത് എത്തിയിരിക്കുന്നു. ഇപ്പോൾ വീഡിയോ ക്വാളിറ്റി 2160 പിക്സൽ (4K HDR) സാധ്യമാണ്. ആൻഡ്രോയ്ഡ് യൂട്യൂബ് ആപ്പിൽ വീഡിയോയ്ക്ക് മുകളിൽ കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് വീഡിയോ ക്വാളിറ്റിയിൽ പോയാൽ ഇത് മാറ്റാം. 4കെയായി അപ്ലോഡായ വീഡിയോകൾ മാത്രമേ ഇത്തരത്തിൽ കാണുവാൻ സാധിക്കൂ. യൂട്യൂബിലെ ഏറ്റവും കുറഞ്ഞ ക്വാളിറ്റി 144p60 HDR ആണ്.

ഫെബ്രുവരി 16ലെ അപ്ഡേറ്റിലൂടെ എല്ലാ ആൻഡ്രോയ്ഡ് പതിപ്പിലും ഈ അപ്ഡേറ്റ് വന്നിട്ടുണ്ട്. ഇത് ലഭിക്കാത്തവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൻറെ ഏറ്റവും പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്താൽ മതി. അടുത്തിടെ യൂട്യൂബ് വീഡിയോ ക്രിയേറ്റർമാർക്കും, വീഡിയോ കാഴ്ചക്കാർക്കും ഒരു പോലെ ഗുണകരമാകുന്ന രീതിയിൽ ചില ഡിസൈൻ മാറ്റങ്ങൾ യൂട്യൂബ് പ്രഖ്യാപിച്ചിരുന്നു.

Related Articles