ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടി ഡിസ്‌കസ് ത്രോ താരം കമൽപ്രീത് സിംഗ്

  • 20/03/2021



പട്യാല: ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ദേശീയ റെക്കോർഡ് പ്രകടനത്തോടെ ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടി ഡിസ്‌കസ് ത്രോ താരം കമൽപ്രീത് സിംഗ്.

65.06 മീറ്റർ ദൂരം കണ്ടെത്തിയ കമൽപ്രീത് 2012ൽ കൃഷ്ണ പൂനിയ സ്ഥാപിച്ച 64.72 മീറ്റിന്റെ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്. ആദ്യമായാണ് ഇന്ത്യൻ വനിതാ താരം ഡിസ്‌കസ് ത്രോയിൽ 65 മീറ്റർ ദൂരം കണ്ടെത്തുന്നത്. 63. 5 മീറ്ററായിരുന്നു ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള ദൂരം.

അതേസമയം, വനിതകളുടെ 200 മീറ്ററിൽ ഹിമ ദാസിന് സ്വർണം. ഹീറ്റ്‌സിൽ പി ടി ഉഷയുടെ റെക്കോർഡ് തകർത്ത ധനലക്ഷ്മിയെ പിന്നിലാക്കിയാണ് ഹിമ ദാസ് സ്വർണം നേടിയത്. 23. 21 സെക്കൻഡിൽ ഓടിയെത്തിയാണ് ഹിമ ഒന്നാം സ്ഥാനം നേടിയത്. 

ധനലക്ഷ്മി 23.39 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഇരുവർക്കും ഒളിംപിക്‌സിന് യോഗ്യത നേടാനായില്ല. 22.80 സെക്കൻഡായിരുന്നു ഒളിംപിക്‌സ് യോഗ്യതാമാർക്ക്.

Related Articles