ഐ ലീഗ് കിരീടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ടീമെന്ന നേട്ടവുമായി ഗോകുലം എഫ് സി

  • 27/03/2021



കൊൽക്കത്ത: ചരിത്ര നേട്ടം കൈവരിച്ച് ഐ ലീഗിൽ ഗോകുലം കേരള എഫ് സി. ലീഗിലെ അവസാന മത്സരത്തിൽ മണിപ്പു‍ർ ക്ലബ് ട്രാവു എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ഗോകുലം ഐ ലീഗ് എന്ന നേട്ടം സ്വന്തമാക്കിയത്. ഐ ലീഗ് കിരീടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ടീമാണ് ഗോകുലം.

കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് ഗോകുലം ലീഗിൽ 29 പോയൻറുമായി ജയവും കിരീടവും സ്വന്തമാക്കിയത്.

23-ാം മിനിറ്റിൽ ബിദ്യാസാഗർ സിംഗിൻറെ ഗോളിലൂടെ മുന്നിലെത്തിയ ട്രാവു എഫ്സി 69-ാ ം മിനിറ്റ് വരെ ലീഡ് നിലനിർത്തി. ഇതിനിടെ 67-ാം മിനിറ്റിൽ ട്രാവു എഫ്‌സിയുടെ ഡെന്നിസ് ഗ്രൗണ്ടെക് റോസ് നേടിയ ഗോൾ ക്രോസിന് മുമ്പ് പന്ത് പുറത്തുപോയതിനാൽ ലൈൻ റഫറി നിഷേധിച്ചു. ഇതിന് തൊട്ടുപിന്നാലെ 69-ാം മിനിറ്റിൽ  ഫ്രീ കിക്കിൽ നിന്ന് അഫ്ഗാൻ താരം ഷെരീഫ് മുഹമ്മദാണ് ഗോകുലത്തിൻറെ സമനില ഗോൾ നേടിയത്.

സമനില ഗോളിന് പിന്നാലെ ഒന്നിന് പിന്നാലെ ഒന്നായി ആക്രമണം അഴിച്ചുവിട്ട ഗോകുലം 75-ാം മിനിറ്റിൽ മലയാളി താരം എമിൽ ബെന്നിയിലൂടെലീഡെടുത്തു. 77-ാം മിനിറ്റിൽ ഡെന്നീസ് അഗ്യാരയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയർത്തി. ഒടുവിൽ ഇഞ്ചുറി ടൈമിൻറെ അവസാന നിമിഷം റഷീദിലൂടെ ഗോകുലും ഗോൾ പട്ടിക പൂർത്തിയാക്കി. ആദ്യ റൗണ്ടിൽ ഗോകുലം ട്രാവുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

Related Articles