വാട്‌സാപ്പിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ; ഐടി മന്ത്രാലയം കമ്പനിക്ക് നോട്ടിസ് അയച്ചു

  • 20/05/2021

ന്യൂഡെൽഹി: അനുനയ നീക്കങ്ങളോട് മുഖം തിരിച്ചതിനാൽ വാട്‌സാപ്പിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. വാട്‌സാപ്പിന്റെ സ്വകാര്യത നയത്തിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ട് ഐടി മന്ത്രാലയം കമ്പനിക്ക് നോട്ടിസ് അയച്ചു. ഇന്ത്യൻ ജനതയുടെ സ്വകാര്യതയെ ഹനിക്കുന്നതാണ് നയമെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഏഴ് ദിവസത്തിനുള്ളിൽ വ്യക്തമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് വാട്‌സാപ്പിനുള്ള നോട്ടിസ്.

വാട്‌സാപ്പിന്റെ സ്വകാര്യത നയം നിശ്ചയമായും ഇന്ത്യൻ നിയമത്തിന്റെയും ഇന്ത്യൻ ജനതയുടെ അവകാശങ്ങളുടെയും പരിധിക്കുള്ളിൽ ആയിരിക്കണം. അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികളിലേക്ക് കടക്കും എന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വാട്‌സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ചാറ്റുകളും ഉടമസ്ഥ കമ്പനിയായ ഫേസ്ബുക്കിന് കൈമാറുമെന്നതാണ് വാട്‌സാപ്പിന്റെ പുതിയ സ്വകാര്യത നയം.

നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ട് നീക്കം ചെയ്യുമെന്ന് വാട്‌സാപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതിനെതിരെ നേരത്തെ ശക്തമായ നിലപാടിലേക്ക് കടക്കാൻ കേന്ദ്ര സർക്കാർ തയാറായിരുന്നില്ല. ലോകത്താകമാനം വാട്‌സാപ്പ് നയം നടപ്പിലാക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ മാത്രം സ്വകാര്യ വിവരങ്ങൾ കൂടുതൽ കൈവശപ്പെടുത്തുന്നുവെന്നതാണ് പ്രധാന ആരോപണം.

യൂറോപ്യൻ യൂണിയനിൽ അടക്കം വാട്‌സാപ്പ് കർശന നിലപാട് സ്വീകരിക്കുന്നില്ല. എന്നാൽ മറ്റ് പല വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ ഐടി ആക്ട് ഉപയോക്താക്കളുടെ വിവരങ്ങൾ പൂർണമായും സംരക്ഷിക്കാൻ ഉതകുന്നതല്ല. ഇന്ത്യൻ നിയമത്തിലെ ഈ പാകപിഴ മുതലാക്കിയാണ് കമ്പനിയുടെ നീക്കം. ഇന്ത്യൻ നിയമമുനുസരിച്ചാണ് തങ്ങളുടെ പുതിയ നയം പ്രാവർത്തികമാക്കുന്നതെന്നാണ് വാട്‌സാപ്പിന്റെ നിലപാട്. മെയ് 15നാണ് വാട്ട്‌സാപ്പിന്റെ സ്വകാര്യ നയം നിലവിൽ വന്നത്. ഇതുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതിയുടെ അടക്കം വിവിധ കോടതികളുടെ പരിഗണനയിലാണ്.

Related Articles