സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ ട്വിറ്റർ. ഇന്ത്യയിലെ ജനങ്ങൾക്ക് തങ്ങളുടെ സേവനം ഉറപ്പു വരുത്തുന്നതിനായി നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കും എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്നും ട്വിറ്റർ അറിയിച്ചു.അതേസമയം പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രങ്ങളിൽ ആശങ്കയുണ്ടെന്നും ട്വിറ്റർ അറിയിച്ചു. കോൺഗ്രസ് ടൂൾക്കിറ്റ് വിവാദത്തിൽ കേന്ദ്രത്തിനെതിരെ ശക്തമായ നിലപാട് എടുത്തതിനിടയിലാണ് ട്വിറ്റർ വീണ്ടും നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.'ട്വിറ്റർ ഇന്ത്യയിലെ ജനങ്ങളോട് വളരെയധികം പ്രതിജ്ഞാബദ്ധരാണ്. കൊവിഡ് മഹാമാരിക്കിടയിൽ പൊതുവായ സംവാദങ്ങൾക്കും പിന്തുണ നൽകുന്നതിനുമായി ഞങ്ങളുടെ സേവനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഞങ്ങളുടെ സേവനം തുടർന്നും ലഭിക്കാൻ ഇന്ത്യയിലെ നിയമങ്ങൾ പിന്തു ടരാൻ ശ്രമിക്കും.എന്നാൽ ലോകത്തെല്ലായിടത്തും ചെയ്യുന്നത് പോലെ സുതാര്യത ശക്തമായി പിന്തുടരുകയും, ഓരോരുത്തരുടെയും ശബ്ദങ്ങളെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധത കാണിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും ചെയ്യും.ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാരുടെയും ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നവരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാര്യങ്ങളിൽ ഞങ്ങൾ ആശങ്കാകുലരാണ്. ഞങ്ങളുടെ ആഗോള ട്വിറ്റർ നിയമങ്ങൾക്കെതിരെ ഇന്ത്യയിലും ലോകമൊട്ടാകെയും പൊലീസ് നടത്തുന്ന ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളിൽ ആശങ്കയുണ്ട്,'ട്വിറ്റർ വക്താവ് പറഞ്ഞു.ഇന്ത്യൻ സർക്കാരുമായി ക്രിയാത്മകമായ സംവാദം തുടരുമെന്നും ട്വിറ്റർ വ്യക്തമാക്കി. കൊവിഡ് ടൂൾക്കിറ്റ് ആരോപണമുന്നയിച്ച് ബി.ജെ.പി വക്താവ് സംപിത് പത്ര പങ്കുവെച്ച ട്വീറ്റ് വ്യാജമാണെന്ന് ട്വിറ്റർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിന് കേന്ദ്രം നോട്ടീസ് നൽകുകയും ട്വിറ്റർ ഓഫീസുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?