മലക്കംമറിഞ്ഞ് വാട്സാപ്; പുതിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് നീക്കം ചെയ്യില്ല

  • 29/05/2021

ന്യൂഡൽഹി : പുതിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് നീക്കം ചെയ്യുകയോ സേവനങ്ങൾ വെട്ടിച്ചുരുക്കുകയോ ചെയ്യില്ലെന്ന് വാട്സാപ്. രാജ്യത്ത് പുതിയ ഐടി നിയമം നടപ്പിലാക്കിയ സാഹചര്യത്തിലാണ് നേരത്തെ കൈകൊണ്ട നിലപാടിൽ നിന്ന് വാട്സാപ് മലക്കംമറിഞ്ഞതെന്നും സൂചനയുണ്ട്.

മെയ് 15 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ സേവനങ്ങളെ ഒരിക്കലും പരിമിതപ്പെടുത്തില്ലെന്ന് വാട്‌സാപ് പറഞ്ഞു. ഉപയോക്താക്കൾ ഇപ്പോൾ നയം അംഗീകരിക്കുന്നില്ലെങ്കിലും ഒരു പ്രവർത്തനത്തെയും നിയന്ത്രിക്കില്ലെന്ന് ദി നെക്സ്റ്റ് വെബിന് നൽകിയ പ്രസ്താവനയിൽ വാട്‌സാപ് വ്യക്തമാക്കി.

വിവിധ അധികാരികളുമായും സ്വകാര്യതാ വിദഗ്ധരുമായും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. കമ്പനിയുടെ പുതിയ തീരമാനപ്രകാരം എല്ലാവർക്കും ആപ്പിലെ എല്ലാ ഫീച്ചറുകളും നൽകും. ചിലരുടെ ഫീച്ചറുകൾ പരിമിതപ്പെടുത്താൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്നും വാട്സാപ് പറഞ്ഞു. എന്നാൽ നയം അംഗീകരിക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടിഫിക്കേഷൻ കാണിക്കുന്നത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

40 കോടിയിലധികം ഉപയോക്താക്കളുള്ള ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലാണ് വാട്‌സാപ് സ്വകാര്യതാ നയം അവതരിപ്പിച്ചത്. നയം അംഗീകരിച്ചില്ലെങ്കിൽ ഉപയോക്താക്കൾ‌ക്ക് ഉടൻ‌ തന്നെ അവരുടെ അക്കൗണ്ടുകൾ‌ നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ‌ ഫീച്ചറുകൾ ക്രമേണ നഷ്ടപ്പെടുമെന്നായിരുന്നു നേരത്തെ വാട്സാപ് മുന്നറിയിപ്പ് നൽകിയിരുന്നത്.

Related Articles