വാട്സാപ്പ് ഗ്രൂപ്പിൽ പ്രൊഫൈൽ ചിത്രം കണ്ടവരെ അറിയാൻ കഴിയുമോ?

  • 01/06/2021

'ഗ്രൂപ്പിൽ ആരെങ്കിലും നിങ്ങളുടെ പ്രൊഫൈൽ കണ്ടിട്ടുണ്ടോയെന്ന് അറിയേണ്ടേ?' ഇങ്ങനെയൊരു സന്ദേശം മിക്കവാറും എല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളിലും എത്തിക്കാണും. അങ്ങനെ നോക്കിയവർക്കൊക്കെ പണികിട്ടിയിട്ടുമുണ്ട്. വിദ്യാസമ്പന്നർ പോലും ഈ വ്യാജസന്ദേശത്തിൽ വീണുവെന്നതാണ് വസ്തുത.

പ്രൊഫൈൽ കണ്ടിട്ടുണ്ടോയെന്ന് അറിയാൻ ഗ്രൂപ്പിന്റെ പേര് വലതു ഭാഗത്തെ മൂന്നു കുത്തുകളിൽ ക്ലിക്ക് ചെയ്തശേഷം 'മോർ' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് 'റിപ്പോർട്ട്' ഓപ്ഷൻ രണ്ടു തവണ അമർത്താനാണു സന്ദേശത്തിൽ പറയുന്നത്. ഇങ്ങനെ ചെയ്യുന്നതോടെ നിങ്ങളുടെ ഡിപി (ഡിസ്‌പ്ലേ പിക്ചർ) കണ്ട ആളുകളുടെ പൂർണ പട്ടിക ലഭ്യമാവുമെന്നും സന്ദേശത്തിൽ പറയുന്നു. പ്രൊഫൈൽ കണ്ടവരെ അറിയാനുള്ള ആകാംക്ഷ മൂത്ത് സന്ദേശത്തിൽ പറഞ്ഞതുപോലെ ചെയ്തവരെല്ലാം ഗ്രൂപ്പുകളിൽനിന്ന് ലെഫ്റ്റായതു മാത്രമാണു മിച്ചം. ഇതോടെയാണ് തങ്ങൾക്കു പറ്റിയ അബദ്ധം പലരും തിരിച്ചറിഞ്ഞത്.

റിപ്പോർട്ട് ചെയ്യുമ്പോൾ എന്ത് സംഭവിക്കും?

കിംവദന്തികൾ, വ്യാജ സന്ദേശങ്ങൾ, വിദ്വേഷ ഉളളടക്കങ്ങൾ എന്നിവ പ്രപരിപ്പിക്കുന്നവരെ കണ്ടെത്താനാണ് 'റിപ്പോർട്ട്' ഓപ്ഷൻ വാട്‌സാപ്പ് അവതരിപ്പിച്ചത്. ഇത്തരത്തിലുള്ള സന്ദേശങ്ങൾ നിങ്ങൾക്ക് ആരിൽനിന്നെങ്കിലും ലഭിക്കുകയാണെങ്കിൽ അത് മേൽപ്പറഞ്ഞ ഓപ്ഷൻ ഉപയോഗിച്ച്‌ വാട്‌സാപ്പിനു റിപ്പോർട്ട് ചെയ്യാം. ഗ്രൂപ്പുകളിൽ സ്പാം ഉള്ളടക്കം ഷെയർ ചെയ്യപ്പെടുകയാണെങ്കിലോ ആരെങ്കിലും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണെങ്കിലോ നിങ്ങൾക്ക് ഇതേ തരത്തിൽ റിപ്പോർട്ട് ചെയ്യാം.

വാട്സാപ്പിലെ ഗ്രുപ്പുകളെയും വ്യക്തികളെയും നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. മേൽ പറഞ്ഞ പോലെ ഗ്രൂപ്പ് ചാറ്റിന്റെയോ വ്യക്തികളുമായുള്ള ചാറ്റിന്റെയോ മുകളിൽ വലതു ഭാഗത്തെ മൂന്നു കുത്തുകളിൽ ക്ലിക്ക് ചെയ്തശേഷം 'മോർ' (more) എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് 'റിപ്പോർട്ട്' (Report) ഓപ്ഷൻ തിരഞ്ഞെടുത്താണ് റിപ്പോർട്ട് ചെയ്യേണ്ടത്.

ഒരു പ്രാവശ്യം റിപ്പോർട്ടിൽ അമർത്തിയ ശേഷം രണ്ടാമത് വരുന്ന റിപ്പോർട്ട് എന്നതിൽ അമർത്തിയാൽ നിങ്ങൾ ഗ്രൂപ്പിൽ നിന്ന് 'എക്സിറ്റ്'(Exit) ആവുകയും നിങ്ങളുടെ പ്രൊഫൈലിലെ ബ്ലോക്ക് ലിസ്റ്റിലേക്ക് ആ അക്കൗണ്ട് /ഗ്രൂപ്പ് പോവുകയും ചെയ്യും.

എന്നാൽ രണ്ടാമത്തെ റിപ്പോർട്ട് അമർത്തുന്നതിന് മുൻപ് ആ ഓപ്ഷനിൽ നൽകിയിട്ടുള്ള 'ടിക്ക്' മാറ്റിയാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ റിപ്പോർട്ട് ചെയ്തു കൊണ്ടും നിങ്ങൾക്ക് ആ ഗ്രൂപ്പിൽ തുടരാനും ചാറ്റ് ചെയ്യാനും സാധിക്കും.

നെറ്റ്ഫ്ലിക്സും പ്രൈമും മാത്രമല്ല; കൂടുതൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടാം

നിങ്ങൾ ഒരു ഗ്രൂപ്പിനെ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ആ ഗ്രൂപ്പിലെ അവസാനത്തെ ചാറ്റുകളും പിന്നീട് ഒരു നിശ്ചിത സമയത്തേക്ക് ഉണ്ടാകുന്ന ചാറ്റുകളും വാട്സാപ്പ് നിരീക്ഷണത്തിന് വിധേയമാക്കും. വ്യക്തികളുടെ അക്കൗണ്ട് ആണെങ്കിലും ഇതു തന്നെയാണ് സംഭവിക്കുക. എന്നാൽ ഒരാൾ റിപ്പോർട്ട് ചെയ്ത കൊണ്ട് ആ ഗ്രൂപ്പ് ഇല്ലാതെയാകില്ല. തുടരെ റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ വാട്സാപ്പ് ഒരു ഗ്രൂപ്പിനെതിരെ നടപടിയെടുക്കുകയുള്ളു. നടപടിയുണ്ടാകാൻ എത്രകാലമെടുക്കുമെന്നും വാട്സാപ്പ് പറയുന്നില്ല.

ഗ്രൂപ്പിലെ പ്രൊഫൈലുകൾ കാണാൻ സാധിക്കില്ലേ?

ഗ്രൂപ്പിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം കണ്ട ആളുകളെ അറിയാനുള്ള ഫീച്ചർ വാട്സാപ്പ് ഇതുവരെ അവതരിപ്പിച്ചിട്ടില്ല. എന്നാൽ ഒരു ഗ്രൂപ്പിൽ ഉള്ള വ്യക്തികളെ അറിയാൻ ഗ്രൂപ്പിന് മുകളിലെ പേരിൽ ക്ലിക്ക് ചെയ്ത് പിന്നീട വരുന്ന സ്‌ക്രീനിൽ താഴേക്ക് പോയി നോക്കിയാൽ മതിയാകും.

അതുപോലെ ഗ്രൂപ്പിൽ നിങ്ങൾ അയച്ച മെസ്സേജ് ആരെല്ലാം കണ്ടു എന്ന് അറിയാനുള്ള സംവിധാനവും വാട്സാപ്പ് നൽകുന്നുണ്ട്. അതിനായി നിങ്ങൾ അയച്ച മെസ്സേജിൽ ക്ലിക്ക് ചെയ്ത ശേഷം മുകളിലെ മൂന്ന് കുത്തുകളിൽ അമർത്തി 'ഇൻഫോ' (info) എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. നിങ്ങളുടെ മെസ്സേജ് വായിച്ചവരെ മുകളിലും നിങ്ങളുടെ മെസ്സേജ് വായിക്കാത്തവരെ താഴെയുമായി കാണാൻ സാധിക്കും.

Related Articles